പൂച്ചാക്കല്‍ പഴയപാലം പുനര്‍നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം
പൂച്ചാക്കല്‍ :പഴയപാലം പുനര്‍നിര്‍മാണം ആരംഭിച്ചയുടനെ തടസപ്പെടുത്തലും നടത്തി. പൂച്ചാക്കല്‍ പഴയ പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗം നിര്‍മാണം തടഞ്ഞതിനെ തുടര്‍ന്നു താല്‍കാലികമായി നിര്‍മാണം നിര്‍ത്തി. പാലം നിര്‍മാണ രീതി അശാസ്ത്രീയമെന്ന് ആരോപിച്ചാണ് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം എന്‍.പി. പ്രദീപ് ഇന്നലെ ഉച്ചയോടെ പാലം നിര്‍മാണം തടസപ്പെടുത്തിയത്. തോടിന്റെ വശങ്ങള്‍ അടച്ചുകെട്ടുകയും മധ്യഭാഗത്ത് ചിറയിടുകയും ചെയ്താല്‍ തോട്ടിലൂടെ പതിവായി വള്ളവുമായി പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തടസമാകും.
നീരൊഴുക്ക് ഇല്ലാതാകുന്നതോടെ തോട്ടില്‍ മാലിന്യം കുന്നുകൂടും തുടങ്ങിയകാര്യങ്ങളാണ് കോണ്‍ഗ്രസ് അംഗമായ പ്രദീപ് പറയുന്നത്. ഒരുവശത്തുകൂടിയെങ്കിലും മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് കടന്നു പോകുന്നതിനും നീരൊഴുക്ക് ഉണ്ടാകുന്നതിനും നിര്‍മാണ ക്രമീകരണം വേണമെന്നാണ് ആവശ്യം. തടസപ്പെടുത്തലിനെ തുടര്‍ന്ന് പുനര്‍നിര്‍മാണം തുടങ്ങുന്നതിന് എ.എം ആരിഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്തുകയാണ്.വര്‍ഷങ്ങള്‍ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുമായ പൂച്ചാക്കല്‍ പഴയപാലം സംസ്ഥാന സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ് പുനര്‍നിര്‍മിക്കുന്നത്.നാടിന്റെ ഏറെനാളത്തെ ആവശ്യത്തിന്റെ ഫലമായാണ് പുനര്‍നിര്‍മാണം നടക്കുന്നത്.ജീര്‍ണാവസ്ഥയിലായ പാലത്തിലൂടെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വലിയ ലോറികള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത് അപകടഭീഷണിയാണ്.വാഹനങ്ങളും യാത്രക്കാരും വീണ് ഒട്ടേറെ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
പഴയപാലം മുഴുവനായും പൊളിച്ചു നീക്കി അതേ സ്ഥലത്തു തന്നെയാണ് പുതിയപാലവും വരുന്നത്. പാലം വരുന്ന ഭാഗത്തെ തോടിന്റെ ഇരുവശങ്ങളിലും അടക്കാമരം ഉപയോഗിച്ചു അടച്ചുകെട്ടി,നീരൊഴുക്ക് തടയും. ഇതിന്റെ മധ്യഭാഗത്തെ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു പൂര്‍ണ്ണമായും വറ്റിച്ചശേഷം മണല്‍ചിറ നിര്‍മിച്ച് പാലത്തിന്റെ അടിസ്ഥാന നിര്‍മാണം തുടങ്ങുന്നതിനാണ് പദ്ധതി. ഇതിന്റെ ഭാഗമായി കല്‍ക്കെട്ടുകളോ, റോഡോ തകര്‍ന്നാല്‍ പാലം നിര്‍മാണത്തിനു ശേഷം അവ പുനസ്ഥാപിക്കുമെന്നും കരാറുകാര്‍ പറയുന്നു.നിലവിലെ വേനല്‍സമയത്ത് തോടിന്റെ ഇരുവശങ്ങളും കെട്ടിയടച്ച് മധ്യത്തിലെ വെള്ളം വറ്റിക്കുകയാണ് ഉടന്‍ വേണ്ടതെന്നും മഴശക്തമായാല്‍ സ്ഥിതി രൂക്ഷമാകുമെന്നും കരാറുകാര്‍ പറയുന്നു. പാലം നിര്‍മാണത്തിനായി മണ്ണുമാന്തിയന്ത്രം, ഗ്രാവല്‍,അടക്കാമരങ്ങള്‍ തുടങ്ങിയവ എത്തിച്ചിട്ടുണ്ട്. പഴയപാലം റോഡിലൂടെ ഗതാഗതവും നിരോധിച്ചു.
14 മീറ്റര്‍ നീളത്തിലും ആറരമീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 95ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ പത്തനംതിട്ട റാന്നി ആസ്ഥാനമായുള്ള ബെഗോറ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."