മരിച്ചതായി സമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം; യുവതി പരാതി നല്‍കി
കരുനാഗപ്പള്ളി: ഓച്ചിറയില്‍ യുവതി കാറിടിച്ചു മരിച്ചതായി സമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരേ പരാതിയുമായി യുവതി രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയവഴി വ്യക്തിഹത്യ ചെയ്യുകയും ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന രീതി വീണ്ടും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതായി കാണിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഇവയെല്ലാം വ്യാജ അക്കൗണ്ടുകള്‍ വഴി ആയതിനാല്‍ പൊലിസും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വട്ടം കറങ്ങുകയാണ്.
കഴിഞ്ഞ ദിവസം ഇരുപത്തി മൂന്നുകാരിയായ യുവതി ഓച്ചിറ ചങ്ങന്‍കുളങ്ങരക്ക് സമീപം കാറിടിച്ചു മരിച്ചു എന്നാണ് സമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.
യുവതിയുടെയും ഇടിച്ച കാറിന്റെ ഫോട്ടോയും ചേര്‍ത്താണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഓച്ചിറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രാത്രിയില്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി വരുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു എന്നും യുവതിയുടെ പേരും വിലാസവും ജമാഅത്തിന്റെ പേര് വിവരം സഹിതവുമായിരുന്നു വാര്‍ത്ത.
വാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് താന്‍ മരിച്ച വിവരം അറിഞ്ഞതെന്ന് യുവതി പറയുന്നു. ഏറെ ദൂരത്തുനിന്നും നിരവധി ബന്ധുക്കളാണ് യുവതിയുടെ വീട്ടിലേക്ക് വ്യാജവാര്‍ത്ത വിശ്വസിച്ചെത്തിയത്. സജിന എന്ന ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും യുവതിയുടെ ഫോട്ടോ സംഘടിപ്പിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയാണ് പരിഭ്രാന്തി പരത്തിയത്.
ഇത് അടുത്തറിയാവുന്ന ആരോ ആണെന്ന് നവ മാധ്യമത്തില്‍തന്നെ അവഹേളനം നടത്തിയതെന്ന് യുവതി പറയുന്നു. നാലു വര്‍ഷത്തെ പഴക്കമുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
തന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റ് രീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമോ എന്ന ആശങ്കയിലാണ് യുവതി. ഈ സംഭവം യുവതിയുടെ വിവാഹ ബന്ധത്തില്‍ ഏറെ വിള്ളലുണ്ടാക്കിയതായും യുവതി പറഞ്ഞു. ഓച്ചിറ പൊലിസിനും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യുവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."