വിഴിഞ്ഞം തുറമുഖം; പൂര്‍ത്തിയാകും മുന്‍പ് ലാഭം കൊയ്ത് സര്‍ക്കാര്‍
വിഴിഞ്ഞം: നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് സര്‍ക്കാരിന് വരുമാനം നല്‍കി നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖം. 16 ലക്ഷത്തില്‍പ്പരം രൂപയാണ് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് തുറമുഖ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പില്‍ അടച്ച് രസീത് കൈപ്പറ്റിയത്.
അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി എത്തിച്ച ഡ്രഡ്ജറുകള്‍, ടഗ്ഗുകള്‍, ബാര്‍ജുകള്‍ തുടങ്ങിയ യന്ത്രങ്ങളുടെ വാര്‍ഫേജ് ഇനത്തിലുള്ള കുടിശികയാണ് ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചുതീര്‍ത്തത്. 2015 നവംബര്‍ മുതലുള്ള തുകയാണ് ലഭിച്ചതെന്ന് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മാസങ്ങളായി വാര്‍ഫേജ് ഇനത്തില്‍ ഒരു രൂപ പോലും അടക്കാന്‍ തയാറാകാത്ത അദാനി ഗ്രൂപ്പ് അധികൃതര്‍ ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഖജനാവിലേക്കു കിട്ടേണ്ട പണമടക്കാന്‍ തയാറായത്.
കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ പല പ്രാവശ്യം നിര്‍ദേശം നല്‍കിയെങ്കിലും സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിന്റെ വാടക നല്‍കിയ നിര്‍മാണ കമ്പനി വാര്‍ഫേജ് ഫീസ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടയേണ്ടിവരുമെന്ന തുറമുഖ വകുപ്പിന്റെ സമ്മര്‍ദത്തിനൊടുവിലാണ് വാടകയിനത്തിലുള്ള ഭീമമായ കുടിശ്ശിക തുക അടച്ച് ക്ലിയറന്‍സ് വാങ്ങാന്‍ കമ്പനി തയാറായത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ കടല്‍ കുഴിക്കല്‍ അവസാനിപ്പിച്ച ശാന്തി സാഗര്‍ പന്ത്രണ്ട് എന്ന ഡ്രഡ്ജറിനെ മണ്‍സൂണ്‍ തിരയടിയില്‍ നിന്നു രക്ഷിക്കാന്‍ ഇന്നലെ കൊല്ലം തുറമുഖത്തേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."