ജോയ്‌സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയെന്ന് ആരോപണം; ഇല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ് എം.പി ഇടുക്കി ജില്ലയില്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് നിയമസഭയില്‍ ആരോപണം. പി.ടി തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് നിഷേധിച്ചു.
എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജോയ്‌സ് 344 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വട്ടവട പഞ്ചായത്തില്‍ ജോയ്‌സ് 32 ഏക്കറിലധികം സ്ഥലം കൈയേറിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടെന്ന് പി.ടി തോമസും പറഞ്ഞു. ഭൂമി കൈയേറ്റത്തിന് ജോയ്‌സിന്റെ പേരില്‍ ദേവികുളം പൊലിസ് സ്റ്റേഷനില്‍ എട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരേ ഹൈക്കോടതിയില്‍ രണ്ടു കേസുമുണ്ട്. കൂടാതെ ഭൂമി ഇടപാടില്‍ വഞ്ചന നടത്തിയതിന് അദ്ദേഹത്തിനെതിരേ ദേവികുളം കോടതിയില്‍ വേറെ കേസുണ്ടെന്നും രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണം രാഷ്ട്രീയ പകപോക്കലാണെന്നും ജോയ്‌സ് ജയിച്ചതു മുതല്‍ യു.ഡി.എഫ് അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹം ഭൂമി കൈയേറിയിട്ടില്ലെന്നാണ് തന്റെ അറിവ്. അദ്ദേഹത്തെ കൈയേറ്റക്കാരനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ആ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു എന്നു പറഞ്ഞ് തോമസ് ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും ഇത് ക്രമപ്രശ്‌നമല്ലെന്നും അവകാശലംഘനമെന്ന നിലയില്‍ എഴുതിക്കൊടുക്കാമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും ഇതു കാണിച്ച് താന്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കുമെന്നും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."