സ്വകാര്യ ബസ് സമരം ഇന്നും തുടരും; ജനം പെരുവഴിയില്‍
കണ്ണൂര്‍: ജില്ലയില്‍ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സ്വകാര്യ ബസ് സമരം ഇന്നും തുടരും. ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് ബുധനാഴ്ച അര്‍ധരാത്രി മുതലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. കോടതി വിധിയെ മറികടന്ന് ബോണസ് നല്‍കാനാവില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.
സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതായതോടെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടി. കണ്ണൂര്‍ ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സിക്ക് അധിക റൂട്ട് അനുവദിക്കാന്‍ ബസ് ഇല്ലാത്തതും തിരിച്ചടിയായി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നു നിലവിലെ ഷെഡ്യൂള്‍ പ്രകാരം സര്‍വിസ് നടത്താന്‍പോലും ബസില്ല. തലശേരി ഡിപ്പോ മാത്രമാണ് തലശേരി-കണ്ണൂര്‍ റൂട്ടില്‍ രണ്ട് അധിക ബസുകള്‍ ഇറക്കിയത്.
മലയോരത്ത് സമാന്തര സര്‍വിസുകള്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസമായത്.
ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ് തുടങ്ങിയ ഇടങ്ങളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ട്രാന്‍സ്പോര്‍ട് ബസുകള്‍ നാമമാത്രമായാണ് പ്രദേശങ്ങളില്‍ സര്‍വിസ് നടത്തിയത്. രാവിലെ മുതല്‍ തന്നെ ടാക്സികള്‍ നിരത്തില്‍ ഇറങ്ങിയെങ്കിലും യാത്രക്കാര്‍ കുറഞ്ഞതോടെ പലരും പിന്‍വലിഞ്ഞു. യാത്രക്കാര്‍ കുറഞ്ഞതോടെ പല വ്യാപാര സ്ഥാപനങ്ങളും നേരത്തേ പൂട്ടി.
ബസ് സമരത്തിന്റെ ഭാഗമായി പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."