കടുവാക്കുഴി, പുതുമംഗലം പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ബദല്‍ സംവിധാനം
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ കടുവാക്കുഴി,പുതുമംഗലം പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ജല അതോറിറ്റിയുടെ ബദല്‍ സംവിധാനം. വെള്ളനാട് പൈപ്പ്‌ലൈനില്‍ പുതിയ പമ്പ് സ്ഥാപിച്ചാണ് ഈ പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ വീണ്ടും ജലമെത്തിച്ചത്.
വെള്ളനാട് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളാണ് കണിയാര്‍കോണം, കടുവാക്കുഴി, പുതുമംഗലം, ഊളന്‍കുന്ന് എന്നീ സ്ഥലങ്ങള്‍. മുമ്പ് കുതിരകുളം വാട്ടര്‍ ടാങ്കില്‍ നിന്നാണ് ഈ പ്രദേശങ്ങളില്‍ ജലമെത്തിയിരുന്നത്.
എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മൂന്ന് മാസമായി ഈ പ്രദേശങ്ങളിലെ പൈപ്പുലൈനുകള്‍ നോക്കുകുത്തികളായി. ചാങ്ങ കുരിശടിക്ക് സമീപം പൈപ്പ്‌ലൈനില്‍ പുതിയ ബൂസ്റ്റര്‍ പമ്പ് സ്ഥാപിച്ച് വെള്ളം വീണ്ടും പമ്പിങ് നടത്തിയാണ് ഈ ഉയര്‍ന്ന പ്രദേശങ്ങളിലെത്തിക്കുന്നത്.
മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന ലൈനുകളിലെ വാല്‍വ് അടച്ചാണ് ജലം ഇവിടെയെത്തിക്കുന്നത്. അതിനാല്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ ഈ പ്രദേശങ്ങളില്‍ കുടിവെള്ളം നല്കാന്‍ കഴിയുകയുള്ളെന്ന് ആര്യനാട് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
മാസങ്ങളായി പൈപ്പ്‌ലൈനിലൂടെ വെള്ളം ലഭിക്കാതെയായതോടെ പഞ്ചായത്ത് ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്ന ശുദ്ധജലമായിരുന്നു പ്രദേശവാസികളുടെ ഏക ആശ്രയം. എന്നാല്‍, എല്ലായിടുത്തും ഈ ജലം എത്താറുമില്ല.
ഒടുവില്‍ നാട്ടുകാര്‍ വാഹനങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വീടുകളില്‍ ജലമെത്തിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ജലാശയങ്ങള്‍ വറ്റിയതോടെ ശുദ്ധജലത്തിനായി നെട്ടോട്ടത്തിലാണ് പ്രദേശവാസികള്‍. പൈപ്പ്‌ലൈനിലൂടെയും ജലം കിട്ടാതായതോടെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെയാണ് ബദല്‍ സംവിധാനവുമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ രംഗത്തെത്തിയത്. മുന്‍പ് രണ്ടുതവണ മറ്റു പമ്പുകള്‍ ഉപയോഗിച്ച് ഈ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."