ഹൈക്കോടതിവളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു
കൊച്ചി: ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു. ധര്‍ണയ്ക്കു നേരെ ഒരു അഭിഭാഷകന്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ത്തെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി.
ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഒടുവില്‍ കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കാമെന്ന കമ്മീഷണറുടെ ഉറപ്പിന്‍മേല്‍ മാധ്യമപ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.
അതേസമയം ഗവ.പ്ലീഡര്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസിന്റെ അന്വേഷണം വനിത എസ്.ഐക്ക് കൈമാറിയിട്ടുണ്ട്. പൊലിസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന അഭിഭാഷകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്റെ നേതൃത്വത്തിലാണ് അഭിഭാഷകരുടെ സംഘം ഡി.ജി.പിയെ സന്ദര്‍ശിച്ചത്.
ഇന്നു രാവിലെ കോടതിയിലെ മീഡിയ റൂം അഭിഭാഷകര്‍ ബലമായി പിടിച്ചടക്കിയിരുന്നു. ഇതു മാധ്യമപ്രവര്‍ത്തകര്‍ ഇതു ചോദ്യംചെയ്തതാണു ആക്രമണത്തിനു കാരണം.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസിനും ക്യാമറാമാന്‍ രാജേഷ് തകഴിക്കും മര്‍ദ്ദനമേറ്റു. കൂടാതെ മീഡിയ വണ്‍ ക്യാമറാമാന്‍ മോനിഷ് മോഹനും മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു.
ഇന്നലെയും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."