കിം ജോങ് ഉന്നിനെ വധിക്കാനുള്ള ദ.കൊറിയന്‍ - യു.എസ് നീക്കം തകര്‍ത്തുവെന്ന് ഉ.കൊറിയ
പ്യോങ്യാങ്: കിം ജോങ് ഉന്നിനെ വധിക്കാന്‍ ദ.കൊറിയയും സി.ഐ.എയും നടത്തിയ നീക്കം തകര്‍ത്തതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയാണ് രാസായുധം ഉപയോഗിച്ച് കിമ്മിനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ആക്രമണം തടഞ്ഞത് എങ്ങനെയാണെന്ന് ഉത്തര കൊറിയ അറിയിച്ചിട്ടില്ല. എന്നാല്‍ ഉത്തര കൊറിയയുടെ വാദം സി.ഐ.എ തള്ളി. ദക്ഷിണ കൊറിയ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. നേരത്തെയും കിം ജോങ് ഉന്നിനെതിരേ വധശ്രമത്തിന് സി.ഐ.എ നീക്കംനടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം 16ന് പ്യോങ്യാങില് നടന്ന ഒരു പരിപാടിക്കിടെയാണ് കിമ്മിനെ കൊല്ലാന്‍ ശ്രമംനടന്നത്. ഇതിനായി ദ.കൊറിയ കിം എന്ന പേരിലുള്ള ഒരാളെ വാടയ്ക്കെടുത്തിരുന്നു. ഇയാളെ ഉ.കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
റേഡിയോ ആക്ടീവ് മൂലകങ്ങളോ, നാനോ വസ്തുക്കളോ ഉപയോഗിച്ച് കൊല്ലാനായിരുന്നു പദ്ധതി. ദൂരെ നിന്ന് ഇത് കിമ്മിന്റെ ശരീരത്തില്‍ ഏല്പിക്കാനായിരുന്നു നീക്കം. മാസങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകുമെന്നതും പിന്നീട് മരണം സംഭവിക്കുമെന്നും ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ദ.കൊറിയ പണം നല്‍കിയതിനു തെളിവ് കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍ ആരോപണം സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ഉ.കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ നേതാവിനെ കൊലപ്പെടുത്താനുള്ള നീക്കത്തിനെതിരേ തിരിച്ചടിയുണ്ടാകുമെന്നും ഉത്തര കൊറിയ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."