കുഴല്‍പ്പണ മാഫിയയുടെ പിടിയില്‍ വയനാട്
കല്‍പ്പറ്റ: സംസ്ഥാന അതിര്‍ത്തിയായ വയനാട്ടിലെ വിവിധ ഭാഗങ്ങളിലൂടെ കുഴല്‍പ്പണവും ലഹരി വസ്തുക്കളും കള്ളനോട്ടും സംസ്ഥാനമത്തക്ക് ഒഴുകുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി, ചോലാടി, താളൂര്‍, പാട്ടവയല്‍ ചെക്ക്‌പോസ്റ്റുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന ശക്തമാക്കി.
ദിവസങ്ങള്‍ക്കിടെ അഞ്ചരക്കോടിയുടെ കുഴല്‍പ്പണമാണ് സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വെച്ച് പൊലീസും എക്‌സൈസും രണ്ട് സംഭവങ്ങളിലായി പിടികൂടിയത്. ഇതിന് പുറമെ നിരോധിത പാന്‍മസാലകളും മറ്റ് ലഹരി വസ്തുക്കളും അതിര്‍ത്തികളിലൂടെ വയനാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യഥേഷ്ടം എത്തുന്നുണ്ട്.
ഇതില്‍ പലതും എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ പിടിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ പരിശോധന ശക്തമാക്കിയത്.
രാത്രിയാത്ര നിരോധനം കഴിഞ്ഞ് പുലര്‍ച്ചെ ആേറാടെ ജില്ലയിലേക്ക് എത്തുന്ന വാഹനങ്ങളാണ് കുഴല്‍പണം കടത്താന്‍ ഇത്തരം സംഘം ഉപയോഗിക്കുന്നത്. തിരക്കുള്ള ഈ സമയത്ത്് വാഹനങ്ങള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ക്ക് കഴിയാറില്ല. ഇതു മുതലെടുത്താണ് ബന്ധുക്കള്‍ അടക്കമുള്ളവരെ ഉപയോഗിച്ച് യാത്രവാഹനങ്ങള്‍ വഴി രേഖകളില്ലാത്ത പണം കടത്തുന്നത്്.
ഈ സാഹചര്യത്തിലാണ് വാഹന പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ബസ്സുള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്്. കഴിഞ്ഞ ഞായറാഴ്ചയാണ് കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന മൂന്ന് കോടി 22 ലക്ഷത്തി അമ്പത്തിയേഴായിരത്തി ഒരുനൂറ് രൂപയുമായി മൂന്നംഗ സംഘം ബത്തേരി പൊലീസിന്റെ പിടിയിലായത്്.
കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ മൂന്ന്് പേരെയും പൊലീസ് പിടികൂടി. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു തോക്കും പൊലീസ് പിടിച്ചെടുത്തു. കാറിന്റെ പിന്‍സീറ്റിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളി പടനിലം വെണ്ണക്കല്‍ കാപ്പുംപുറത്ത് റഫീഖ്(35), താമരശ്ശേരി വാവട് കൂനത്തില്‍ ജുനൈസ്(25), കൊടുവള്ളി സ്വദേശി എരേക്കല്‍ അബ്ദുറഹ്മാന്‍(42) എന്നിവരെയാണ് സംഭവുമായി ബന്ധപെട്ട്് പൊലീസ് പിടികൂടിയത്. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയാണന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച 2.39 കോടി രൂപയുമായി മൂന്ന് ആന്ദ്രപ്രദേശ് സ്വദേശികളും മുത്തങ്ങയില്‍ പിടിയിലായി.
ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആഡംബര ബസ്സിലെ യാത്രക്കിടെയാണ് ഇവര്‍ മുത്തങ്ങയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മൂന്ന് ബാഗുകളിലാക്കി സൂക്ഷിച്ച രണ്ട് കോടി 39 ലക്ഷത്തി അന്‍പത്തിഴോയിരത്തി അഞ്ഞുറ് രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദോശ്് ഗുണ്ടൂര്‍ സ്വദേശി ഉമാമഹേശ്വര്‍ റാവു(37), തെലുങ്കാന മിരിയില്‍ഗുഢ സ്വദേശികളായ ശ്രാവണ്‍(35), ഗണേശ്(22) എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് വിഭാഗത്തിന്റെ പിടിയിലായത്.
ആന്ധ്രയില്‍നിന്നും കോഴിക്കോട്ടേക്ക് പഴയ സ്വര്‍ണ്ണം വാങ്ങാന്‍ പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യചെയ്യലില്‍ ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്. കുഴല്‍പ്പണം മാത്രമല്ല, അതിര്‍ത്തി ചെക് പോസ്റ്റുകളെ വെട്ടിച്ച് കേരളത്തിലേക്ക് കള്ളനോട്ടും ഒഴുകുന്നുണ്ട്. കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ പിടികൂടിയ കുഴല്‍പ്പണത്തില്‍ ഏഴായിരത്തോളം രൂപ വ്യാജനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച പൊലീസ് മുത്തങ്ങയില്‍ വെച്ച് പിടികൂടിയ കുഴല്‍പ്പണം ബാങ്കില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അഞ്ഞൂറിന്റെ പത്ത് നോട്ടുകളും ആയിരത്തിന്റെ രണ്ട് നോട്ടുകളും വ്യാജനാണെന്ന് തെളിഞ്ഞത്. കുഴല്‍പ്പണകടത്തിലൂടെ കള്ളനോട്ടിന്റെ വ്യാപനവും മാഫിയകള്‍ ലക്ഷ്യം വെക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജില്ലയില്‍ ഏറ്റവും ഒടുവില്‍ കള്ളനോട്ടുകള്‍ പിടികൂടിയത് കഴിഞ്ഞ വര്‍ഷമാണ്.
പാപ്ലശ്ശേരി സ്വദേശി ബാങ്കില്‍ ഇടപാടിനായി നല്‍കിയ പണത്തില്‍ നിന്നാണ് ആയിരത്തിന്റെ പത്തൊമ്പത് വ്യാജനോട്ടുകള്‍ കണ്ടെടുത്തത്. ഇതിന് മുമ്പ് 2012ല്‍ പച്ചക്കറി കയറ്റി വന്ന ലോറിയില്‍ നിന്ന് മുപ്പതിനായിരത്തോളം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തിരുന്നു. ലോക് സഭാ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അതിര്‍ത്തി ചെക് പോസ്റ്റില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങള്‍ ഇലക്ഷന്‍ ഫ്‌ളെയിംഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
ഹാന്‍സ് അടക്കമുള്ള നിരോധിത പാന്‍മസാലകളും കഞ്ചാവുമെല്ലാം കര്‍ണ്ണാടകയില്‍ നിന്ന് റൂട്ട് ബസുകളിലും കാറിലും ബൈക്കിലുമെല്ലാം കടത്തി കൊണ്ട് വന്ന മുത്തങ്ങ ചെക്‌പോസ്റ്റില്‍ പിടിയിലായ സംഭവങ്ങള്‍ അനവധിയാണ്. പരിശോധന കര്‍ശനമാക്കിയതോടെ ഇതിന് അയവു വന്നതായാണ് കരുതിയിരുന്നത്.
എന്നാല്‍ കുഴല്‍പ്പണക്കടത്ത് പിടികൂടിയത് ധാരണകളെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഇതോടെ പൊലീസും എക്‌സൈസ് വകുപ്പും ഒപ്പം എന്‍ഫോഴ്‌സ്‌മെന്റും മുത്തങ്ങയിലേക്ക് കണ്ണ് നട്ടുകഴിഞ്ഞു. ഞായറാഴ്ച കുഴല്‍പ്പണവുമായി പിടികൂടിയ കൊടുവള്ളി സ്വദേശികളാണ് സംസ്ഥാനത്തേക്കുള്ള കുഴല്‍പ്പണ ഇടപാടിന്റെ പ്രധാനസംഘമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൂന്നേകാല്‍ കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ കേസിന്റെ തുടരമ്പേഷണത്തിന്റെ ഭാഗമായി മൂന്ന് പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി എസ്.ഐ ബിജു ആന്റണി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മൂന്ന് ദിവസത്തേക്കാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.
കുഴല്‍പ്പണത്തിന്റെ ഉറവിടം, തോക്ക് എവിടെ നിന്ന് നിര്‍മ്മിച്ചു, തിരകള്‍ ഏത് കമ്പനിയുടേത്, പണം എന്തിന് എങ്ങോട്ട് കൊണ്ട് പോകുന്നു എന്നത് സംബന്ധിച്ച വിവരങ്ങളറിയാനാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിച്ചാല്‍ കേസിന്റെ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."