ഓണക്കിറ്റുകള്‍ തയ്യാറാകുന്നു: ജില്ലാ കലക്ടര്‍
കോട്ടയം : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്് വീടുകളിലേയ്ക്ക് പോകുമ്പോള്‍ ക്യാമ്പ് അന്തേവാസികള്‍ക്ക് നല്‍കാനായി ജില്ലാ ഭരണകൂടത്തിന്റെ ഓണക്കിറ്റുകള്‍ തയ്യാറാക്കി വരുന്നതായി ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു.
എല്ലാ ക്യാമ്പുകളിലും സുഭിക്ഷമായ ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ധാരാളം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ഇതിന് കോട്ടയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമ്പ് അന്തേവാസികള്‍ വീടുകളിലേക്ക് പോകുമ്പോള്‍ അനുഭവിക്കാന്‍ ഇടയുള്ള സാഹചര്യവും കണക്കിലെടുക്കണം. ഓരോ കുടുംബത്തിനും ഒരാഴ്ച കഴിയാനുള്ള അരിയും മറ്റ് സാധനങ്ങളും നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. 100 ലേറെ വാളണ്ടിയര്‍മാരാണ് കിറ്റുകള്‍ തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രേമലതയുടെ നേതൃത്വത്തിലാണ് ഗോഡൗണിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ലഭിക്കുന്ന സാധനങ്ങള്‍ ക്ലാസ്സ് മുറികളില്‍ ശേഖരിച്ച് സ്റ്റോക്ക് എഴുതി സൂക്ഷിക്കും. ഓരോ ക്ലാസ്സിലും ഉള്ള സാധനങ്ങളുടെ സ്റ്റോക്ക് വിവരം ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കയറ്റി ഇറക്ക് ഉള്‍പ്പെടെയുള്ള ഗോഡൗണിലെ ജോലികളില്‍ റവന്യു വകുപ്പു ജീവനക്കാരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും വിരമിച്ച ജീവനക്കാരും എന്‍എസ്എസ്, എസ്പിസി, എന്‍സിസി തുടങ്ങിയവരും മറ്റ് വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്നുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതിന്റെ അക്കൗണ്ട്‌സ്, സ്റ്റോക്ക് തുടങ്ങിയ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ സന്നദ്ധ സേവനം നല്‍കുന്നുണ്ട്. സ്‌റ്റോക്ക്് വിതരണത്തിന്റെ ചുമതലയ്ക്ക് തിരുവനന്തപുരത്തു നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ ലെയ്‌സണ്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.
ഗോഡൗണ്‍ തുടങ്ങിയതു മുതല്‍ നാല് മണിക്കൂര്‍ ഇടവിട്ട് ദിവസം ജില്ലാ കലക്ടര്‍ ഗോഡൗണില്‍ പരിശോധന നടത്തുന്നുണ്ട്. സഹായമായി ലഭിച്ച സാധനങ്ങള്‍ ക്യാമ്പുകളില്‍ നല്‍കുന്നില്ല എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് വസ്തുതകള്‍ അന്വേഷിക്കാതെയാണ്- ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."