വിധിയെഴുതാന്‍ കേരളം
കേരള ജനത ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കി നിശബ്ദ പ്രചാരണത്തിനു ശേഷം ഇന്ന് ലോക്‌സഭയിലേക്ക് വിധിയെഴുതുമ്പോള്‍ ആകാംക്ഷയുടെ മുള്‍ മുനയിലാണ് രാഷ്ട്രീയ കേരളം. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ഇന്ന് ജനവിധി തേടുന്നത്.
മോക്ക് പോള്‍ ആറിന്
ഇന്നു രാവിലെ 6 മണിക്ക് മോക്ക് പോള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ 50 വോട്ടുകള്‍ പോള്‍ ചെയ്യും. തുടര്‍ന്ന് സെക്ടറല്‍ ഓഫിസര്‍മാരുടെ അനുമതിയോടെ പോളിങ് തുടങ്ങും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. ആറു മണിക്ക് മുന്‍പ് ക്യൂവിലെത്തിയാല്‍ വോട്ട് ചെയ്യാം.
ഭിന്നശേഷി: പ്രത്യേകം ക്യൂ
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്ന് പോളിങ് ബൂത്തിലേക്കു പോകാനും വീട്ടിലേക്കു മടങ്ങാനും തെരഞ്ഞെടുപ്പു കമ്മിഷന്‍ വാഹന സൗകര്യം. സര്‍ക്കാര്‍ വാഹനങ്ങളും വാടക വാഹനങ്ങളും ഉപയോഗിക്കും. വോട്ട് ചെയ്യാന്‍ മുന്‍ഗണന. ആകെ, 1,35,357 ഭിന്നശേഷി വോട്ടര്‍മാര്‍. ഭിന്ന ശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ.
സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍
1,34,66,521 സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരും 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും വിധിയെഴുതും. കന്നി വോട്ടര്‍മാര്‍ 2,88,191. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. 31,36,191. കുറവ് വയനാട്ടില്‍. 5,94,177.
ബൂത്തുകള്‍, കുടിവെള്ളം
24,970 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറത്താണ് കൂടുതല്‍. 2,750. കുറവ് വയനാട്ടില്‍. 5,75. സംസ്ഥാനത്ത് 24,970 വിവി പാറ്റ് മെഷിനുകള്‍ ഉപയോഗിക്കും. മെഷിനുകള്‍ 30 ശതമാനം അധികം കരുതിയിട്ടുണ്ട്. 44,427 ബാലറ്റ് യൂനിറ്റുകള്‍ തയാര്‍. എല്ലാ ബൂത്തുകളിലും കുടിവെള്ളവും വോട്ട് ചെയ്യാന്‍ കൂടെ വരുന്നവര്‍ക്ക് വിശ്രമ കേന്ദ്രങ്ങളും. രാത്രി തന്നെ ബാലറ്റ് മെഷിനുകള്‍ 257 സ്‌ട്രോങ് റൂമുകളിലെത്തിച്ച് സീല്‍ ചെയ്യും. വോട്ടെണ്ണല്‍ ദിവസം വരെ ഒരു മാസം സായുധരായ സി.ആര്‍.പി.എഫ് ഭടന്മാര്‍ കാവല്‍.
ഫലം വൈകും
വോട്ടെണ്ണലിനു നേതൃത്വം 2,310 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്ക്. അഞ്ച് ബൂത്തുകളില്‍ വീതം വിവി പാറ്റ് എണ്ണണമെന്ന് വിധിയുള്ളതിനാല്‍ ഫലമറിയാന്‍ രണ്ടു മണിക്കൂര്‍ വരെ താമസിക്കും.
ഉദ്യോഗസ്ഥര്‍
തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ ആകെ 1,01,140 ജീവനക്കാര്‍. ഇവരില്‍ സെക്ടറല്‍ ഓഫിസര്‍മാര്‍ 1,670 പേര്‍. പ്രിസൈഡിങ് ഓഫിസര്‍മാര്‍ 33,710 പേര്‍. സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേന സഹായിക്കും. വോട്ടിങ് മെഷിനുകളും ബാലറ്റും മൊട്ടുസൂചിയുമുള്‍പ്പെടെ 24 ഇന സാധനങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ ബൂത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ബ്രെയില്‍ ലിപി പരീക്ഷിക്കും
കാഴ്ചശേഷി തീരെയില്ലാത്തവര്‍ക്ക് ബാലറ്റ് പേപ്പര്‍ ബ്രെയില്‍ ലിപിയില്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഇതിന്റെ ആദ്യ പരീക്ഷണം. കാഴ്ചശേഷി കുറഞ്ഞവരെയും ഭിന്നശേഷിക്കാരെയും സഹായിക്കാന്‍ ബൂത്തുകളില്‍ എന്‍.സി.സി സ്‌കൗട്ട് വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."