മാവോയിസ്റ്റ് ഭീഷണി: ബൂത്തുകളില്‍ കര്‍ശന സുരക്ഷ
തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, നിലമ്പൂര്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഒരുക്കി പൊലിസ്. 219 ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്. ഇതില്‍ 72 ബൂത്തുകള്‍ വയനാട്ടിലും 67 ബൂത്തുകള്‍ മലപ്പുറത്തും കണ്ണൂരില്‍ 39ഉം കോഴിക്കോട്ട് 41ഉം ബൂത്തുകളുണ്ട്.
കോഴിക്കോട് ജില്ലയിലെ 41 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിനൊപ്പം വോട്ടര്‍മാരെത്തേണ്ട വഴികളിലും തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധനയുണ്ടാകും. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ബൂത്തുകളില്‍ പരമാവധി നേരത്തെ വോട്ടര്‍മാരെയെത്തിച്ച് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടിയിലും വടകര മണ്ഡലത്തിലെ നാദാപുരത്തുമാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുള്ളത്. 23 കെട്ടിടങ്ങളിലായി 41 എണ്ണം. മാവോയിസ്റ്റ് ആക്രമണം മറികടക്കാന്‍ സെന്‍ട്രല്‍ ആംഡ് പാരാ മിലിട്ടറി ഫോഴ്‌സിന്റെ പതിനാറംഗ സംഘം ഓരോ കെട്ടിടത്തിലുമുണ്ടാകും. ബൂത്തിലെ സുരക്ഷയ്ക്കാണ് എട്ടു പേര്‍. മറ്റുള്ളവര്‍ അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ റോന്തുചുറ്റും. കേരള പൊലിസിലെ ഒരു എസ്.ഐയും രണ്ട് പൊലിസുകാരും പൂര്‍ണസമയം ബൂത്തിലുണ്ടാകും.
വെബ് കാസ്റ്റിങിലൂടെ ബൂത്തുകള്‍ കലക്ടര്‍ തത്സമയം നിരീക്ഷിക്കും. വളയം, പുതുപ്പാടി, മുത്തപ്പന്‍പുഴ, മറിപ്പുഴ, ജീരകപ്പാറ തുടങ്ങിയ ഇടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. പ്രശ്‌നസാധ്യതയുള്ള 3,621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി അധികൃതരെ കുഴക്കുന്നുണ്ട്. വയനാട്ടില്‍ അടുത്തിടെ പൊലിസ് വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് ജലീല്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയുണ്ടാകുമെന്ന തരത്തില്‍ ചിലയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും മാവോയിസ്റ്റ് ആഹ്വാനമുണ്ടായിരുന്നു. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഗണ്‍മാനെ നിയോഗിച്ചിട്ടുണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്ക് ആദ്യമായി വനിതാ തണ്ടര്‍ബോള്‍ട്ടുമുണ്ടാകും. മലപ്പുറം അരീക്കോട് ക്യാംപില്‍ നിന്നുള്ള വനിതാ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളാണ് ബൂത്തുകളുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുക. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വനിതാ കമാന്‍ഡോകളുടെ ആദ്യ ഡ്യൂട്ടിയാണ് തെരഞ്ഞെടുപ്പ് സുരക്ഷ എന്നതും ശ്രദ്ധേയമാണ്. ഒരു ചീഫ് കമാന്‍ഡറുടെ കീഴില്‍ അവര്‍ ഇന്നലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അതാത് കേന്ദ്രങ്ങളിലെത്തി. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങില്‍ ഡ്യൂട്ടിക്ക് 30 വനിതാ കമാന്‍ഡോകള്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിലെ തെരഞ്ഞെടുപ്പ് ക്യാംപിലെത്തി.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട് ജില്ല, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രശ്‌നബാധിത പട്ടികയില്‍പെട്ട ഓരോ ബൂത്തിനും നാലു വീതം തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വനിതാ കമാന്‍ഡോകളാണ്. പൊലിസിനു പുറമെയാണ് ഇവരെ അധികമായി നിയമിച്ചത്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ പുരുഷന്‍മാര്‍ മാത്രമായിരുന്നു. അത്യാധുനിക സംവിധാനമുള്ള തോക്കുകളാണ് കമാന്‍ഡോകള്‍ക്ക് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."