ദുരിതബാധിതരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ചെങ്ങന്നൂരും ആലപ്പുഴയിലും
ആലപ്പുഴ: ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചെങ്ങന്നൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി.
ഹൃസ്വമായ സന്ദര്‍ശനം ആയിരുന്നെങ്കിലും നിശ്ചയദാര്‍ഡ്യം തുളുമ്പുന്നതായി മുഖ്യമന്ത്രിയുടെ ഒരോ വാക്കും കുടുംബാംഗങ്ങള്‍ മനസിലാക്കി. ക്യാമ്പംഗങ്ങളുടെ സുഖവിവരവും കുട്ടികളുടെ പഠനകാര്യവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹംം ചോദിച്ചുമനസിലാക്കി.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെയും ആലപ്പുഴ ലജ്നത്തുല്‍ സ്കൂളിലെയും ക്യാംപുകളിലാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ 8.40ന് നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുമ്പെയാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയില്‍ മുഖ്യമന്ത്രിയേയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ എത്തിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കലക്ടര്‍ എസ്. സുഹാസ്, ജില്ല പൊലിസ് മേധാവി എസ്. സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ക്യാംപിലേക്ക് പോകുന്നതിനായി തയ്യാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികള്‍ക്കുമൊപ്പം നടന്നാണ് കോളജിലെ ഓഡ്റ്റോറിയത്തിലെ ക്യാംപിലെത്തിയത്.
ഭക്ഷണവും താമസവും എല്ലാം ശരിയല്ലേയെന്നും വീടുകള്‍ നഷ്ടമായവര്‍ക്ക് എല്ലാം വീണ്ടെടുത്തു നല്‍കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് സമീപത്തേക്കെത്തിയത്. തിരക്കിനിടയില്‍ രണ്ട് മുന്ന് വനിതകള്‍ കഷ്ടപ്പാടുകള്‍ വിവരിച്ചു.
ഭക്ഷണവും താമസവും സുഭിക്ഷമാണെന്നും തിരിച്ചു ചെല്ലുമ്പോള്‍ ഞങ്ങളുടെ വീട് അവിടെയില്ലെന്ന ദു:ഖം മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. വീടുകളും മറ്റും ശരിയാക്കി നല്‍കുമെന്നറിയിച്ച് മുഖ്യമന്ത്രി അടുത്ത ക്യാംപിലേക്ക് നീങ്ങി.
എം.എല്‍.എമാരായ സജി ചെറിയാന്, ആര് രാജേഷ് മുന്‍ എം.പിമാരായ സി.എസ്. സുജാത, ടി.ജെ. അഞ്ചലോസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."