വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കടുവയുടെ ആക്രമണം; കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു
സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പ് വാച്ചര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് കടുവയെ പിടികൂടാന്‍ കൂട് വച്ചു.
വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും വനംവകുപ്പ് വാച്ചറെ അക്രമിച്ചതോടെയാണ് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ പ്രദേശവാസികള്‍ തടഞ്ഞു. വാഹനം കടത്തിവിടാതെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് തീയുമിട്ടു. പിന്നീട് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി വനം വകുപ്പുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയെ മയക്കുവെടി വെച്ചോ, കൂടു വെച്ചോ പിടികൂടാമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് കടുവയെ കൂടുവച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. നിലവില്‍ കടുവ പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ ഉദ്യോസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി കടുവ ഈ പ്രദേശത്ത് തമ്പടിച്ചിട്ട്. ഈ മാസമാദ്യം പ്രദേശവാസിയുടെ ആടുകളെ കടുവ കൊന്നിരുന്നു. തുടര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ച കടുവയെ വനം വകുപ്പ് കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും കടുവയുടെ സാന്നിധ്യം ഇവിടെ സ്ഥിരമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ കൃഷ്ണന്റെ വളര്‍ത്തുനായയെ കടുവ പിടികൂടുകയും ചെയ്തു.
ഇത് അറിഞ്ഞ് സ്ഥലത്ത് പരിശോധിക്കാനായെത്തിയപ്പോഴാണ് കരുണാകരന് നേരെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആള് കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിച്ചോടിച്ചാണ് കരുണാകരനെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."