വയനാടും ഒരുങ്ങി വിരലമര്‍ത്താന്‍
കല്‍പ്പറ്റ: ശബ്ദ-നിശബ്ദ പ്രചാരണളെല്ലാം അവസാനിച്ചു. ഇന്ന് വിധി നിര്‍ണയത്തിന്റെ ദിവസം. ജനാധിപത്യ ഉത്സവത്തിന് ശക്തിപകരാന്‍ വയനാട്ടെ വോട്ടര്‍മാരും പോളിങ് ബൂത്തുകളിലേക്ക്. സ്വാതന്ത്രമായി വോട്ട് ചെയ്യാന്‍ കമ്മിഷന്‍ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ വേട്ടുകള്‍ ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ മുന്നണികള്‍ തമ്മില്‍ വോട്ട് പിടിത്തം സംബന്ധിച്ച് പരസ്പരം ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 1311 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി- 173, സുല്‍ത്താന്‍ ബത്തേരി- 215, കല്‍പ്പറ്റ-187, തിരുവമ്പാടി- 174, ഏറനാട്- 159, നിലമ്പൂര്‍- 199, വണ്ടൂര്‍- 204 എന്നിങ്ങനെയാണ് നിയോജക മണ്ഡലങ്ങളില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം. വയനാട് ജില്ലയില്‍ മാത്രം 575 പോളിങ് ബൂത്തുകളുണ്ട്. 13,57,819 പേര്‍ക്കാണ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം. ഇതില്‍ 6,84,807 പേര്‍ സ്ത്രീകളും 6,73,011 പേര്‍ പുരുഷന്മാരുമാണ്. മാനന്തവാടി- 1,86,397, സുല്‍ത്താന്‍ ബത്തേരി- 2,12,838, കല്‍പ്പറ്റ-1 ,94,942, തിരുവമ്പാടി -1,70,289, എറനാട്- 1,71,026, നിലമ്പൂര്‍- 2,07,801, വണ്ടൂര്‍- 2,14,526 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം. വയനാട്ടിലെ മൂന്നു നിയോജക മണ്ഡലങ്ങളിലുള്ള 200ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരെ സ്ത്രീ വോട്ടര്‍മാരായാണ് കണക്കാക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുണ്ട്. 1,860 സര്‍വിസ് വോട്ടര്‍മാരാണ് മണ്ഡലത്തില്‍. 2756 പുരുഷന്മാരും 195 സ്ത്രീകളും പ്രവാസി വോട്ടര്‍മാരാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 71.95 ശതമാനമായിരുന്നു പോളിങ്. ജില്ലയില്‍ ഒരു വില്ലേജില്‍ ഒന്നു വീതം 49 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വീകരണ മുറി, വിശ്രമമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്ന മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാണ്. എല്ലാ പോളിങ് ബൂത്തുകളിലും റാംപ്, വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് താമസസ്ഥലത്തുനിന്ന് പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു സൗജന്യ വാഹന സൗകര്യവും ഉണ്ടാകും. 1,962 ഭിന്നശേഷി വോട്ടര്‍മാരാണ് ജില്ലയില്‍. വയനാട്ടിലെ പോളിങ് സ്റ്റേഷനുകളില്‍ 72 എണ്ണം പിന്നാക്ക പ്രദേശങ്ങളിലും മൂന്നെണ്ണം ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ്. കുറിച്യാട്, ചെട്ട്യാലത്തൂര്‍, കുറിച്യര്‍മല എന്നിവിടങ്ങളിലേതാണ് ഒറ്റപ്പെട്ട ബൂത്തുകള്‍. മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രശ്‌നബാധിതമെന്നു കണക്കാക്കുന്ന 72 ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടാകും. 23 പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റ് സംവിധാനമുണ്ട്. 46 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകും. ബത്തേരി നിയോജക മണ്ഡലത്തിലെ വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സക്ൂളിലെ 35-ാം നമ്പര്‍ പൊളിങ് സ്റ്റേഷന്‍ കൊളറാട്ടുകുന്നു അഗ്രോ ക്ലിനിക്കിലേക്കും കൊളറാട്ടുകുന്ന് അഗ്രോ ക്ലിനിക്കിലെ 36-ാം നമ്പര്‍ സ്റ്റേഷന്‍ വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കുറിച്യര്‍മല ജി.എല്‍.പി സ്‌കൂളിലെ 126-ാം നമ്പര്‍ പോളിങ് സ്റ്റേഷന്‍ കുറിച്യര്‍മല അങ്കണവാടിയിലേക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പി സാമഗ്രികളുടെ വിതരണം ഇന്നലെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, എസ്.ഡി.എം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."