കുപ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരേ ജാഗ്രത പാലിക്കണമെന്ന്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ദിവാകരന് വോട്ട് രേഖപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാറും സെക്രട്ടറി അഡ്വ. ജി ആര്‍ അനിലും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയം സുനിശ്ചിതമാണ്. തിരിച്ചടിയില്‍ വിരളിപൂണ്ട ബി.ജെ.പി മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുകയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയമവ്യവസ്ഥകളെയും കാറ്റില്‍പറത്തി ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഭിന്നതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രചാരവേലകളാണ് അവസാന മണിക്കൂറുകളില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന നോട്ടീസുകള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ ബി.ജെ.പി വിതരണം ചെയ്യുന്നുണ്ട്. കണക്കില്ലാത്ത കള്ളപ്പണം തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി അവസാന മണിക്കൂറുകളില്‍ ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബി.ജെ.പിക്ക് വോട്ട് വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായം പറയണം. ഈ കള്ളക്കളി തികഞ്ഞ ജനവഞ്ചനയാണ്. ഈ വഞ്ചനയ്ക്ക് ബാലറ്റിലൂടെ തിരുവനന്തപുരത്തെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം.വിജയകുമാറും ജി.ആര്‍ അനിലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."