ജനഹിതം ശേഖരിക്കാന്‍ വോട്ടുപെട്ടി വള്ളത്തിലേറി കായല്‍കടന്നു
തൃക്കരിപ്പൂര്‍: ഇന്നു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദ്വീപ് നിവാസികളുടെ ജനഹിതം ശേഖരിക്കാന്‍ വോട്ടുപെട്ടി വളളത്തിലേറി കായല്‍കടന്നു.
വെളളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപ് പഞ്ചായത്തിലെ തയ്യില്‍ സൗത്ത് ഗവ. എല്‍.പി.സ്‌കൂളിലെ 159 നമ്പര്‍ ബൂത്തിലേക്കാണ് പോളിങ് യന്ത്രവും മറ്റ് ഉപകരണങ്ങളുമായി കടത്ത് വള്ളത്തില്‍ കവ്വായിക്കായല്‍ കടന്ന് എത്തിച്ചത്. വലിയപറമ്പ പഞ്ചായത്തിലെ വാഹന സൗകര്യമില്ലാത്ത തെക്കന്‍ മേഖലയിലെ ഏക പോളിങ് ബൂത്താണ് തയ്യില്‍ സൗത്ത് ഗവ. എല്‍.പി.സ്‌കൂളില്‍ ഒരുക്കിയ ബൂത്ത്. ഇന്നലെ ഉച്ചയോടെയാണ് പ്രിസൈഡിങ് ഓഫിസര്‍ സി.കെ നാരായണന്റെ നേതൃത്വത്തില്‍ നാലു പോളിങ് ഓഫിസര്‍മാരും രണ്ടു പൊലിസുകാരും ഉള്‍പ്പെടെ ആറ് പേരാണ് 20 മിനിറ്റോളം ജലമാര്‍ഗം വഴി ബൂത്തിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ വനിതാ ജീവനക്കാരാണ്. ആകെ 348 വോട്ടര്‍മാരില്‍ 165 പുരുഷന്മാരും 183 സ്ത്രീകളുമാണുളളത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി കടവില്‍ നിന്നാണ് പാണ്ട്യാല കടവിലേക്ക് പോളിങ് ഉദ്യോഗസ്ഥരെത്തിയത്.
കടത്തുവളളത്തിലൂടെ സഞ്ചരിച്ചാല്‍ പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ സമീപത്ത് ഇറങ്ങാം. റോഡ് മാര്‍ഗമാണ് വരുന്നതെങ്കില്‍ സ്‌കൂളിന് മൂന്നു കിലോമീറ്റര്‍ അകലെ മാത്രമേ റോഡ് സൗകര്യമുളളൂ. ചതുപ്പുനിലമായതിനാല്‍ പോളിങ് സാമഗ്രികളുമായി സ്‌കൂളിലേക്ക് നടക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. അതിനാലാണ് കടത്തു സൗകര്യത്തെ ആശ്രയിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി ഭാഗത്തെയും വലിയപറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കടവാണ് പാണ്ട്യാലകടവ്. ഒരു പതിറ്റാണ്ട് മുന്‍പുവരെ വലിയപറമ്പ പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വളളത്തിലേറിയാണ് വോട്ടുപെട്ടിയുമായി ജീവനക്കാര്‍ എത്തിയിരുന്നത്. ഇതിനിടെ രണ്ടു പാലങ്ങള്‍ വന്നതോടെ തയ്യില്‍ സൗത്ത് സ്‌കൂളിലെ ബൂത്ത് മാത്രമാണ് കടത്തുവളളത്തെ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."