തിങ്കളാഴ്ച ഇളകിമറിയും നിയമസഭ: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, പ്രക്ഷുബ്ധമാക്കാന്‍ വിഷയങ്ങള്‍ ഒട്ടേറെ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടയില്‍ തിങ്കളാഴ്ച കൂടുന്ന പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനത്തിന് മുന്നൊരുക്കം തുടങ്ങി. തിങ്കളാഴ്ച ചേരുന്ന നിയമസഭാസമ്മേളനം സഭാ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കും. രാജ്യസഭാ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയ ചര്‍ച്ചയും കൂടിയാകുമ്പോള്‍ സമ്മേളനം രാഷ്ട്രീയമായും കൊഴുക്കും.
നിയമസഭാ മന്ദിരം അണുമുക്തമാക്കും. കൊവിഡ് മാനദണ്ഡ പ്രകാരം സാമൂഹ്യ അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കും. ഇതിനായി 24 സീറ്റുകള്‍ പിന്നില്‍ ക്രമീകരിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും അതുമാറ്റി 140 പേര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന ഇപ്പോഴത്തെ കസേരകള്‍ മാറ്റി ഓരോ ഇരിപ്പിടമാക്കി.
അതേ സമയം നിയമസഭാ സമ്മേളനത്തില്‍ സ്വര്‍ണക്കടത്ത് വിവാദം മുന്‍നിര്‍ത്തി പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസിനുള്ള ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. ചോദ്യോത്തരവേള ഒഴിവാക്കി ധനകാര്യ ബില്‍ പാസാക്കുക എന്ന അജന്‍ഡ ആദ്യം പൂര്‍ത്തിയാക്കിയതിനുശേഷമാണ് അവിശ്വാസ ചര്‍ച്ചയിലേക്കു കടക്കുക. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് ചര്‍ച്ച. വിവിധ കക്ഷികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാനുള്ള സമയവും അവസരവും നല്‍കുക.
അതേസമയം, സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കിയില്ല എന്ന സാങ്കേതികത്വം കാണിച്ചാണ് അനുമതി നിഷേധിച്ചത്. വി.ഡി സതീശന്‍ എം.എല്‍.എയാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം നല്‍കിയിരിക്കുന്നത്.
മുന്നിലെ ടേബിള്‍ പഴയപടി തുടരും. എല്ലാ അംഗങ്ങളുടെയും മേശപ്പുറത്ത് സാനിറ്റൈസര്‍ സ്ഥാപിക്കും. മാസ്‌ക്, ഷീല്‍ഡ് എന്നിവയും കൈയുറയും ലഭ്യമാക്കും. ശരീര താപനില പരിശോധിച്ചതിനുശേഷം മാത്രമേ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അരമണിക്കൂറിനകം കൊവിഡ് ഫലം ലഭിക്കുന്ന ആന്റിജന്‍ പരിശോധനയ്ക്ക് എം.എല്‍.എമാരെ തിങ്കളാഴ്ച അതിരാവിലെ തന്നെ വിധേയമാക്കും. നിയമസഭാ മന്ദിരത്തിലും എം.എല്‍.എ ഹോസ്റ്റലിലുമാണ് ഇതിനുള്ള സൗകര്യം ഒരുക്കുക. സഭയുമായി ബന്ധപ്പെടുന്ന സ്റ്റാഫ് അംഗങ്ങളുടെ ആന്റിജന്‍ പരിശോധന ഇന്നും നാളെയുമായി നടത്തും. രാവിലെ നിയമസഭയില്‍ എത്തുന്ന അംഗങ്ങള്‍ക്ക് പ്രഭാത ഭക്ഷണ പാക്കറ്റുകള്‍ നല്‍കും.
കൂടാതെ നിയമസഭാ അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്നേദിവസംഉച്ചഭക്ഷണ പാക്കറ്റുകളും ഇടവേളകളില്‍ ലഘുഭക്ഷണവും നല്‍കും. സന്ദര്‍ശകര്‍ക്കു പ്രവേശനമുണ്ടാകില്ല. ഒഫിഷ്യല്‍ ഗാലറിയില്‍ അവശ്യം വേണ്ട ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
സമ്മേളന ദിവസം അംഗങ്ങളുടെ അവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി മെഡിക്കല്‍ സംവിധാനവും ഒരുക്കും. സഭയ്ക്കുള്ളില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിലേക്കായി മുഖ്യമന്ത്രി, ധനമന്ത്രി, പാര്‍ലമെന്ററികാര്യ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരുടെ അറ്റന്‍ഡര്‍മാരെ സഭയ്ക്ക് അകത്ത് കയറ്റില്ല.
എല്ലാ ചാനലുകളുടെയും കാമറകള്‍ സഭയ്ക്കുള്ളില്‍ അനുവദിക്കുന്നതിനുപകരം അവര്‍ക്കാവശ്യമായ വിഷ്വല്‍സ് പുറത്ത് ലഭ്യമാക്കും. പ്രസ് ഗാലറികളില്‍ സ്ഥലം ലഭിക്കാതെ വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ വീഡിയോ കാമറകള്‍ക്കായി ഉപയോഗിച്ചുവരുന്ന ഗാലറിയില്‍ താല്‍ക്കാലിക പ്രവേശനം അനുവദിക്കും. പ്രസ് ഗാലറി, ഔദ്യോഗിക ഗാലറി എന്നിവിടങ്ങളില്‍ ഒന്നിടവിട്ട കസേരകള്‍ മാത്രം ഒരുക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ വോട്ടെടുപ്പ് ആവശ്യമായിവരുന്ന സന്ദര്‍ഭത്തില്‍ കൈകള്‍ ഉയര്‍ത്തിയോ അംഗങ്ങളെ എഴുന്നേറ്റ് നിര്‍ത്തിയോ വോട്ടെടുപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."