കേന്ദ്രത്തെ വിശ്വസിക്കരുത്; ഇത് ഗാന്ധിയുടെ ഇന്ത്യയല്ല: ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: കശ്മിര്‍ വിഷയത്തിലെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല.
ഒരിക്കലും കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കരുതെന്നും അവര്‍ കളവ് പറയാത്ത ഒരു ദിവസംപോലുമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതു ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയല്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കശ്മിരിന്റെ പ്രത്യേകത പദവി എടുത്തുകളഞ്ഞത് ഒരു മുന്നറിയിപ്പുമില്ലാതെയാണ്. അതിന്റെ തൊട്ടു മുന്‍പത്തെ ദിവസം താന്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു.
കശ്മിരിലേക്കു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിന്റെ കാരണമടക്കം അന്നു താന്‍ അന്വേഷിച്ചിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് സൂചനപോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മിരിന്റെ പദവി തിരികെലഭിക്കണമെന്നും നേതാക്കളെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മിരിലെ വിവിധ നേതാക്കളെ തമ്മില്‍ തല്ലിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാരോപിച്ച അദ്ദേഹം, അതു നടക്കില്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി. കശ്മിരിന്റെ പദവി എടുത്തുകളഞ്ഞതടക്കമുള്ള തീരുമാനങ്ങള്‍ ബി.ജെ.പിയുടെ മാത്രം അജന്‍ഡയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫാറൂഖ് അബ്ദുല്ലയെയടക്കം വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ ഇതുവരെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."