ദുരിതം താണ്ടാന്‍ കരുണയുടെ മേലാപ്പൊരുക്കി അവര്‍
കൊണ്ടോട്ടി: വിരിച്ച പായയിലേക്കു വസ്ത്രങ്ങള്‍ കുടഞ്ഞിട്ടു യുവാക്കള്‍ ഓരോന്നിന്റെയും വലിപ്പവും പഴക്കവും നോക്കി പുതിയ പാക്കറ്റുകളാക്കിവയ്ക്കുന്നു. മാറ്റിയിട്ട പഴയ വസ്ത്രങ്ങള്‍ തലയണകളാക്കി തുന്നിച്ചേര്‍ക്കുന്നു. അരിയും പലവ്യഞ്ജനങ്ങളുമടക്കം പാക്കറ്റുകളാക്കുന്ന സംഘവും മറുവശത്തുണ്ട്. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ വൈദ്യരങ്ങാടിയില്‍നിന്നും എറണാകുളം ജില്ലയിലെ ആലുവയില്‍നിന്നുമാണ് ഈ കാഴ്ചകള്‍.
ജീവിതവഴിയില്‍ പരസ്പരം കണ്ടുമുട്ടിയിട്ടു പോലുമില്ലാത്ത സഹോദരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഒരുക്കിയ സാന്ത്വനകൂടാരത്തില്‍ നിസ്വാര്‍ഥസേവകരായി കര്‍മനിരതരാണ് ഒരുപറ്റം യുവാക്കള്‍.
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കു സഹായങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍നിന്നു വേറിട്ട പ്രവര്‍ത്തനം കൊണ്ടു ശ്രദ്ധേയമാവുകയാണ് എസ്.കെ.എസ്.എസ്.എഫും സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും. സംസ്ഥാനത്ത് പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കാനാണ് എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രണ്ടു കേന്ദ്രങ്ങള്‍ തുറന്നത്. മലബാര്‍ കേന്ദ്രീകരിച്ച് വൈദ്യരങ്ങാടിയിലും തെക്കന്‍ ജില്ലകള്‍ക്കായി ആലുവയിലുമാണ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും വിതരണത്തിനുമായി പ്രത്യേക ഇടം ഒരുക്കിയതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറയുന്നു.
വിവിധ ജില്ലകള്‍ക്കു പുറമെ ലക്ഷദ്വീപില്‍നിന്നും പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള രണ്ടു കേന്ദ്രങ്ങളിലെത്തിച്ച് ഇവ പ്രത്യേകം പാക്ക് ചെയ്താണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത്.
ഇവ പാക്ക് ചെയ്യാനും ലോഡ് കയറ്റിയിറക്കാനും വിഖായ വളന്റിയര്‍മാരാണു രംഗത്തുള്ളത്. മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ രാപകലില്ലാതെ വിശ്രമമില്ലാതെ സേവനിരതരാകുകയാണ് വിഖായ പ്രവര്‍ത്തകര്‍.
പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു വീടുകളിലേക്കു മടങ്ങുന്നവര്‍ക്കാണ് അവശ്യസാധനങ്ങള്‍ കൂടുതലായും എത്തിക്കുന്നത്.
ഓരോ പ്രദേശത്തും സംഘടനയുടെ ജില്ലാ-മേഖലാ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിച്ചുനല്‍കുന്നത്. സംഘടനയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപീകരിച്ച 25,000 വളന്റിയര്‍മാരില്‍ 333 പേരെ പ്രത്യേകം പരിശീലനം നല്‍കി ഒരുക്കിയിട്ടുണ്ട്. ഇവരാണ് ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് വിഖായ സംസ്ഥാന ചെയര്‍മാന്‍ സലാം ഫറോക്ക് പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന സാധനങ്ങള്‍ എത്തിച്ചുനല്‍കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരിതം തീരുവോളം രണ്ടു കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. അതുവരെയും ദുരിതാശ്വാസ ക്യംപില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ആവശ്യമുള്ളവ നല്‍കും.വൈദ്യരങ്ങാടിയിലും ആലുവയിലും വസ്ത്രങ്ങള്‍ വേര്‍തിരിച്ച് ഓരോന്നും ഷോപ്പുകളിലേക്കു വില്‍പനയ്ക്കു വയ്ക്കുന്ന രീതിയില്‍ പാക്ക് ചെയ്താണു വിതരണത്തിനു കൊണ്ടുപോകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക അളവിലുള്ള വസ്ത്രങ്ങളുണ്ട്. പഴകിയ വസ്ത്രങ്ങള്‍ തലയിണയാക്കി മാറ്റി അവയും വിതരണം ചെയ്യുന്നു.
അരി, പലവ്യഞ്ജനങ്ങള്‍ മുതല്‍ അലക്കുസോപ്പും കുടിവെള്ളം വരെ പാക്ക് ചെയ്തു നല്‍കുന്നു. വൈദ്യരങ്ങാടിയിലും ആലുവയിലും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരും സഹായം നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങളെ ജീവിതത്തിലേക്കു തിരിച്ചുകയറ്റാനും വിഖായ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇതിനുപുറമെ വീടുകള്‍ മുതല്‍ ആരാധനാലയങ്ങള്‍വരെ ശുചീകരിക്കുന്ന പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുകയാണു സംഘം. ഇതോടൊപ്പമാണു വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."