സ്ഫോടന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ 13 പേര്‍ പിടിയില്‍
റിയാദ്: തലസ്ഥാന നഗരിയായ റിയാദിലെ ഉള്‍പ്രദേശത്തെ സുരക്ഷാ സേനയുട കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ തീവ്രവാദ ആക്രമണത്തിന് പിന്നാലെ നടന്ന തീവ്രവാദ വേട്ടയില്‍ ഭീകരരായ ഡസനിലധികം ആളുകള്‍ പിടിയിലായതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണപദ്ധതികള്‍ തയാറാക്കിയവരെയാണ് പിടികൂടിയതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിയാദിലെ സുല്‍ഫിയയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ നടന്ന ശക്തമായ തിരച്ചിലിലാണ് ഇവിടെ തന്നെയുള്ള ഒരു വീട്ടില്‍ നിന്നും ഇതില്‍ ചിലരെ പിടികൂടിയത്. ഇതേ വീട്ടില്‍ നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും സുരക്ഷാ സേന അറിയിച്ചു. കൂടാതെ, നിരവധി എ.ടി.എം കാര്‍ഡുകളും രണ്ട് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡുകളും ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും സി.ഡികളും പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.
നാല് ദിവസം മുന്‍പ് ഇവിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരെ തിരിച്ചറിഞ്ഞതായും അന്താരാഷ്ട്ര ഭീകരവാദ സംഘടനയില്‍ പെട്ട ഐ..എസ് തീവ്രവാദികളാണ് ഇവരെന്നുമുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ പിടികൂടിയ പതിമൂന്നു പേരും ഇതേ സംഘടനയില്‍ അംഗങ്ങളാണെന്നും വ്യക്തമാക്കിയ മന്ത്രാലയം ഇവരുടെ പേര് വിവരങ്ങളും പുറത്ത് വിട്ടു. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയര്‍ത്തി അവശേഷിക്കുന്ന എല്ലാ ഭീകരവാദ അംശങ്ങളെയും കണ്ടെത്തി ഇല്ലായ്മ ചെയ്യാന്‍ ശക്തമായ നടപടി തുടരുമെന്ന് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതോടൊപ്പം, സുല്‍ഫിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികള്‍ സ്വദേശ പൗരന്മാരായ അബ്ദുല്ല ഹമൂദ് അല്‍ഹമൂദ്, അബ്ദുല്ല ഇബ്രാഹിം അല്‍മന്‍സൂര്‍, സാമിര്‍ അബ്ദുല്‍ അസീസ് അല്‍മാദിദ്, സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍മാദിദ് എന്നിവരാണെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."