പ്രീമിയര്‍ ഫുട്‌സാല്‍: കൊല്‍ക്കത്ത സെമിയില്‍
പനാജി: പ്രീമിയര്‍ ഫുട്‌സാലില്‍ ബംഗളൂരു ഫൈവ്‌സിനെ 1-1ന് സമനിലയില്‍ തളച്ച് കൊല്‍ക്കത്ത ഫൈവ്‌സ് സെമിയിലെത്തി. കൊല്‍ക്കത്ത വമ്പന്‍ ജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിടിച്ചു നില്‍ക്കാന്‍ ബംഗളൂരുവിന് സാധിച്ചു. പ്രമുഖ താരം നെറ്റോ ടീമിലില്ലാതിരുന്നത് ബംഗളൂരുവിന് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും ടാറ്റുവിന്റെ നീക്കങ്ങള്‍ അതിനെ മറികടന്നു. ആദ്യ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ താരത്തിന്റെ നീക്കങ്ങള്‍ കൊല്‍ക്കത്തയുടെ ഗോളി സിഡാവോയെ ശരിക്കും പരീക്ഷിച്ചു. ബംഗളൂരുവിന്റെ കൗണ്ടര്‍ അറ്റാക്കുകളെ തുടര്‍ന്ന് കൊല്‍ക്കത്ത പ്രതിരോധത്തിലാണ് കളിച്ചത്. മുന്നോട്ടു കയറി കളിച്ച സിഡാവോ അദ്ഭുതകരമായ സേവുകളാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി നടത്തിയത്.
അപ്രതീക്ഷിതമായി നേടിയ ഗോളാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. ഹെര്‍നന്‍ ക്രെസ്‌പോയുടെ കോര്‍ണര്‍ മാക്‌സി കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി പ്യൂല ലക്ഷ്യത്തിലെത്തിച്ചതോടെ കൊല്‍ക്കത്ത മത്സരത്തില്‍ ആധിപത്യം സ്വന്തമാക്കി. നിരന്തര നീക്കങ്ങളിലൂടെ ടീം ബംഗളൂരുവിനെ പ്രതിരോധത്തിലാക്കി. പ്യൂലയുടെ തുടരെയുള്ള ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ടാണ് ലക്ഷ്യം കാണാതെ പോയത്. ആദ്യ ക്വാര്‍ട്ടറില്‍ ലക്ഷ്യത്തിലേക്ക് അഞ്ചു ഷോട്ടുകളാണ് കൊല്‍ക്കത്ത ഉതിര്‍ത്തത്. രണ്ടാം ക്വാര്‍ട്ടറില്‍ ബംഗളൂരു ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. എന്നാല്‍ ഫിനിഷിങ് പോരായ്മ ടീമിനെ ഗോളില്‍ നിന്നകറ്റി. അതേസമയം കൊല്‍ക്കത്തന്‍ താരം സിഡാവോയുടെ മികച്ച രണ്ടു ഷോട്ടുകള്‍ ബംഗളൂരു ഗോളി ഏല്യാസ് സേവ് ചെയ്തു. ഇരു ടീമുകളും രണ്ടാം ക്വാര്‍ട്ടറില്‍ നിരവധി അവസരങ്ങളാണ് പാഴാക്കിയത്.
മൂന്നാം ക്വാര്‍ട്ടറില്‍ സിഡാവോ വീണ്ടും ബംഗളൂരുവിന് ഭീഷണി ഉയര്‍ത്തി. ഇത്തവണ താരത്തിന്റെ മുന്നേറ്റം ഗോളി ഏല്യാസിനെ മറികടന്നെങ്കിലും ഗബ്രിയേലിന്റെ മികവ് കൊല്‍ക്കത്തയ്ക്ക് ഗോള്‍ നിഷേധിച്ചു. തൊട്ടുപിന്നാലെ തന്നെ ബംഗളൂരു സമനില ഗോള്‍ നേടി. സിഡാവോയുടെ മികച്ചൊരു ഷോട്ട് ബംഗളൂരു താരങ്ങള്‍ പ്രതിരോധിച്ചു. റീബൗണ്ടില്‍ മുന്നേറിയ ജൊനാഥന്‍ പിയേഴ്‌സ് ഗോള്‍ നേടുകയായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ സ്‌കോള്‍സിന്റെ മുന്നേറ്റം ഗോളാവുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യം ബംഗളൂരുവിന് തിരിച്ചടിയായി. അവസാന നിമിഷം പ്രതിരോധ പിഴവ് വന്നെങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ കൊല്‍ക്കത്ത സെമിയിലേക്ക് മുന്നേറുകയായിരുന്നു.
അതേസമയം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കൊച്ചി ഫൈവ്‌സിനെ മുംബൈ ഫൈവ്‌സ് വീഴ്ത്തി. നാലിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ജയം. മുംബൈ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ സമനില നേടിയാല്‍ സെമി ഉറപ്പിക്കാമായിരുന്ന കൊച്ചിക്ക് നിര്‍ണായക സമയത്ത് വരുത്തിയ പിഴവുകള്‍ തിരിച്ചടിയാവുകയായിരുന്നു. കൊച്ചിയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ഡേവിഡ് മോറിസിന്റെ തകര്‍പ്പന്‍ ഗോള്‍ അവരെ അതിവേഗം മുന്നിലെത്തിച്ചു. എന്നാല്‍ ഇതിന് നിമിഷ നേരത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഫോഗ്ലിയയിലൂടെ മുംബൈ സമനില പിടിച്ചു.
ആദ്യ ക്വാര്‍ട്ടറില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ചാഗ്വിനയുടെ മികച്ചൊരു ഗോളിലൂടെ കൊച്ചി സ്‌കോര്‍ ഉയര്‍ത്തി. മൂന്നു പ്രതിരോധ താരങ്ങളെ ഭേദിച്ചായിരുന്നു ഗോള്‍. മൂന്നു മിനുട്ടുകള്‍ക്ക് ശേഷം കെവിന്‍ റാമിറസ് മുംബൈയുടെ സമനില ഗോള്‍ നേടി. ഇരു ടീമുകളും തുടരെ ഗോള്‍ നേടാന്‍ തുടങ്ങിയതോടെ മത്സരം ആവേശത്തിലായി. ചാഗ്വിനയുടെ ക്രോസില്‍ മോറിസ് വീണ്ടും കൊച്ചിയെ മുന്നിലെത്തിച്ചു. വൈകാതെ തന്നെ ഫോഗ്ലിയ സ്‌കോര്‍ തുല്യതയിലെത്തിച്ചു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ചാന്‍പ്രീത്, ആന്‍ജലോട്ട് എന്നിവര്‍ നേടിയ ഗോള്‍ മുംബൈയുടെ ജയം ഉറപ്പിക്കുന്നതായിരുന്നു. ചാഗ്വിന ഇടയ്ക്ക് ഒരു ഗോള്‍ മടക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."