HOME
DETAILS

കവിതയിലെ ചിരി

  
backup
August 24 2018 | 20:08 PM

kavithayile-chiri

1991 ജൂണ്‍ മാസം. ഭാര്യയുടെ പെന്‍ഷന്‍ തുകവാങ്ങാന്‍ തിരുവനന്തപുരത്തെ ഏജീസ് ഓഫിസിലെത്തിയതായിരുന്നു ചെമ്മനം. 30-ാമത്തെ വരവായിരുന്നു അത്. ഏജീസ് ഓഫിസിന്റെ ഇടനാഴികള്‍ കയറിയിറങ്ങിയ ചെമ്മനം അന്നും ഗതികിട്ടാതെ അലഞ്ഞു. ഒടുവില്‍ ഇടനാഴിയിലെ കസേരയിലിരുന്ന് ആ കവി കവിതക്കു പിറവി കൊടുത്തു. പേര് 'ആളില്ലാക്കസേരകള്‍'. കവിതയുടെ ആദ്യ വരികളിങ്ങനെ...
''കൈയിലെ കാശും കൊടു-
ത്തീവിധം തേരാപ്പാരാ
വയ്യെനിക്കേജീസ് ഓഫീസ്
കേറുവാന്‍ ഭഗവാനേ..''
ഏജീസ് ഓഫിസിലെ കെടുകാര്യസ്ഥതയ്‌ക്കെതിരായ ചാട്ടുളിപ്രയോഗം നടത്തുകയായിരുന്നു ചെമ്മനത്തിന്റെ തൂലിക. ഭാര്യയുടെ പെന്‍ഷന്‍ തുകവാങ്ങാന്‍ ഏജീസ് ഓഫിസ് കയറിയിറങ്ങിയ ചെമ്മനത്തിന് അവിടെനിന്ന് അനുഭവിക്കേണ്ടിവന്നതും അദ്ദേഹം കണ്ടതുമായ കാഴ്ചകളില്‍നിന്നുണ്ടായ രോഷത്തിന്റെ കാവ്യരൂപമായിരുന്നു 'ആളില്ലാക്കസേരകള്‍'. സര്‍ക്കാര്‍ ഓഫിസുകളുടെ ദുരവസ്ഥയും ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ഓഫിസുകളില്‍ ഓരോരോ കാര്യങ്ങള്‍ക്കായി എത്തുന്ന സാധാരണ ജനങ്ങളുടെ നിസഹായതയും പ്രമേയമാക്കിയ ആ കവിത വലിയ ചലനമുണ്ടാക്കി. കവിത വായിച്ച അന്നത്തെ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് കവിതയുടെ പകര്‍പ്പും ചേര്‍ത്ത് ഒരു സര്‍ക്കുലര്‍ ഇറക്കി. ജീവനക്കാരുടെ ഹാജര്‍ പരിശോധന കര്‍ശനമാക്കിക്കൊണ്ടും അപേക്ഷകളില്‍ തീര്‍പ്പാക്കുന്നതില്‍ സമയം നിശ്ചയിച്ചുകൊണ്ടുമുള്ളതായിരുന്നു ആ സര്‍ക്കുലര്‍.
കേരളത്തിലെ സാഹിത്യ ചരിത്രത്തിലും ഔദ്യോഗിക ചരിത്രത്തിലും ആദ്യത്തെ സംഭവമായിരുന്നു അത്. പീന്നീട് കുറച്ചു കാലത്തേക്കെങ്കിലും ഏജീസ് ഓഫിസിലെത്തിയ സാധാരണക്കാര്‍ക്ക് ചെമ്മനം കവിതയുടെ ഗുണം ലഭിച്ചെങ്കിലും ഏജീസിലെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും ചെമ്മനത്തെ ശത്രുപക്ഷത്തു നിര്‍ത്തി. കവിക്കെതിരേ തൊഴിലാളി യൂനിയനുകള്‍ രംഗത്തുവന്നു. അവിടെയും സ്വതസിദ്ധമായ ശൈലിയില്‍ ചെറുപുഞ്ചിരിയോടെ കുലുങ്ങാതെ നിന്നു ചെമ്മനം. അതായിരുന്നു ചെമ്മനം ചാക്കോ. വിമര്‍ശനഹാസ്യത്തിലൂടെ മലയാള കവിതക്കു ചിരിയുടെ മുഖം നല്‍കിയ കവി.
വൈക്കം താലൂക്കില്‍ മുളക്കുളം ഗ്രാമത്തിലെ ചെമ്മനം എന്നു പേരുള്ള ഒരു കര്‍ഷക കുടുംബത്തിലാണു ജനനം. പിതാവ് ഒരു പുരോഹിതനായിരുന്നു. സാഹിത്യകാരനാകണമെന്ന മോഹമൊന്നും ചെറുപ്പകാലത്തു മനസില്‍ മൊട്ടിട്ടിരുന്നില്ല. വായന തുടങ്ങിയതുതന്നെ ഒരു കള്ളത്തരമായിട്ടായിരുന്നു. വീട്ടില്‍ വെറുതെയിരുന്നാല്‍ പാടത്തു പോയി ജോലി ചെയ്യാന്‍ പറയും. ശരീരത്തില്‍ ചേറു പുരളുന്നതും വിയര്‍ക്കുന്നതുമൊക്കെ ഒഴിവാക്കാന്‍ പുസ്തകം നിവര്‍ത്തി വീട്ടിലിരിക്കും. അവന്‍ പഠിക്കുകയല്ലേ, ശല്യപ്പെടുത്തേണ്ട എന്നു വീട്ടുകാര്‍ കരുതി. വെറുതെ പുസ്തകത്തിനു മുന്നിലിരിക്കാന്‍ പറ്റുകയില്ലല്ലോ. അലസമായി വായിച്ചുതുടങ്ങി. പൊരിഞ്ഞ വായന. പിന്നെയതു ഗൗരവത്തിലുള്ളതായി. അതായിരുന്നു തുടക്കം.
ചക്രവാളം മാസികയില്‍ 1946ല്‍ പ്രസിദ്ധീകരിച്ച 'പ്രവചനം' ആയിരുന്നു ആദ്യ കവിത. 1947ല്‍ പ്രസിദ്ധീകരിച്ച 'വിളംബരം' എന്ന കവിതാ സമാഹാരമാണു പ്രഥമ ഗ്രന്ഥം. 1965ല്‍ പ്രസിദ്ധീകരിച്ച 'ഉള്‍പ്പാര്‍ട്ടി യുദ്ധം' എന്ന കവിതയിലൂടെ വിമര്‍ശന-ഹാസ്യ കവിതയാണു തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടര്‍ന്നുള്ള അര നൂറ്റാണ്ടു നീണ്ട സുസ്ഥിരമായ കാവ്യതപസിലൂടെയാണു മലയാള കവിതയില്‍ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. കവിയെക്കുറിച്ചും കവിതയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു ചെമ്മനം ചാക്കോ എന്ന മലയാളത്തിന്റെ പ്രിയകവിക്ക്. വിമര്‍ശനഹാസ്യമായിരുന്നു ചെമ്മനത്തിന്റെ തട്ടകം.
ആധുനികതയുടെ ഉച്ചസൂര്യന്‍ ജ്വലിച്ചുനിന്ന കാലമായിരുന്നു ചെമ്മനത്തിന്റെയും സുവര്‍ണകാലഘട്ടം. കവിത ജീവിതത്തില്‍നിന്ന് അകന്നുപോയ കാലഘട്ടം. നാലോ അഞ്ചോ വാക്കുകള്‍ എഴുതിവച്ചാലും കവിതയാകും എന്നു ധരിച്ചു കവികളായി മേനി പറഞ്ഞു നടന്നവരുടെ കാലം. വൃത്തം പാലിച്ചും താളം നിലനിര്‍ത്തിയും അര്‍ഥം വ്യക്തമാക്കിയും ആശയസമ്പുഷ്ടമായ കവിതകളിലൂടെ കവിയരങ്ങുകളില്‍ ചെമ്മനം ഒറ്റയ്‌ക്കൊരു യുദ്ധം നയിച്ചു. കേരളത്തിന്റെ സര്‍വമേഖലകളിലും ഇംഗ്ലിഷ് ഭാഷ പിടിമുറുക്കിയ ഘട്ടത്തിലാണ് ചെമ്മനം ചാക്കോ 'മമ്മി' എന്ന കവിതയെഴുതുന്നത്. മലയാളത്തിനുവേണ്ടി കേരളത്തിലെ മിക്ക കവികളും കവിതകളെഴുതിയിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ശക്തവും തീക്ഷ്ണവും ഇന്നും ചെമ്മനത്തിന്റെ മമ്മി തന്നെയാണ്. മലയാളമെന്ന വാക്ക് ഉപയോഗിക്കാതെ, മാതൃഭാഷയെക്കുറിച്ചു വാചാലനാകാതെ, അമ്മയെന്ന ഒരൊറ്റവാക്കില്‍ സ്വന്തം ഭാഷയുടെ കരുത്തും ശക്തിയും അനുഭവിപ്പിച്ചു അദ്ദേഹം. വ്യാഖ്യാതാവിന്റെയോ നിരൂപകന്റെയോ സഹായമില്ലാതെ വായനക്കാരുടെ ഹൃദയത്തിലേക്കു നേരിട്ടു പ്രവേശിച്ച കവിത. വായിക്കുന്നവര്‍ അവര്‍ പോലുമറിയാതെ മനഃപാഠമാക്കുന്ന കവിത. ഒരൊറ്റ വായനയില്‍ നെഞ്ചോടു ചേര്‍ക്കുന്ന ആശയം. നൂറുകണക്കിനു കവികളുണ്ടെങ്കിലും അവരുടെയിടയില്‍ ചെമ്മനം വേറിട്ടു തന്നെ നിന്നു.
കൊലപാതകവും ലൈംഗികതയും വാരിനിറച്ചു പുറത്തിറക്കുന്ന ചില വാരികകള്‍ക്കെതിരായി ചെമ്മനം ഏതാനും കവിതകളെഴുതി. അവയില്‍ ശ്രദ്ധേയമാണ് 'പത്രാധിപര്‍'. കൊലപാതക കഥകളൊക്കെ തീര്‍ന്നപ്പോള്‍ പുതിയൊരു കഥയ്ക്കുവേണ്ടി കൊച്ചു പത്രാധിപര്‍ അച്ഛന്‍ പത്രാധിപര്‍ക്കു നേരെ തോക്കുചൂണ്ടുന്നതാണു കവിത. ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചല്ല ചെമ്മനം കവിതയെഴുതിയത്. പക്ഷേ ചിലര്‍ കവിക്കെതിരേ കുരിശുയുദ്ധം നടത്തി. ലാവ്‌ലിന്‍ കേസും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തു നടത്തിയ വിദേശയാത്രകളും ഇതിവൃത്തമാക്കി 'മാധ്യമ സൃഷ്ടി' എന്ന പേരിലും ഒരു കവിതയെഴുതി. പിണറായി അനുകൂലികളായ സി.പി.എമ്മുകാര്‍ക്ക് ചെമ്മനത്തോടു വിരോധമുണ്ടായെങ്കിലും അദ്ദേഹത്തെ വിമര്‍ശിച്ചു രംഗത്തുവരാന്‍ സി.പി.എം അനുകൂല സാഹിത്യപ്രഭൃതികളാരും ധൈര്യം കാട്ടിയില്ല. സി.പി.എമ്മുകാരനായ മന്ത്രി ജി. സുധാകരന്‍ ഒരു ബദല്‍ കവിതയെഴുതിയതിലൊതുങ്ങി പ്രതിഷേധം.
മലയാളത്തിലെ പ്രമുഖമായ ഒരു പത്രത്തിനെതിരേ ചെമ്മനം നടത്തിയ വിമര്‍ശം പത്രമുതലാളിയെ ശത്രുവാക്കി. സാഹിത്യകാരന്മാര്‍ പത്രമുതലാളിമാരുടെ ഇഷ്ടക്കാരാകാന്‍ മത്സരിക്കുന്ന ഈ കാലത്ത് അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ ധീരമായി അദ്ദേഹം നിലകൊണ്ടു. ശുദ്ധനായ കവി എന്നതിലുപരി ശുദ്ധനായ മനുഷ്യന്‍ കൂടിയായിരുന്നു ചെമ്മനം. ആരോടും പ്രത്യേകിച്ചു പ്രതിപത്തിയൊന്നും കാട്ടാതെ എന്തും വെട്ടിത്തുറന്നു പറഞ്ഞ അദ്ദേഹം ചോരത്തിളപ്പുള്ള കവിയായി. കവിതകള്‍ ചെമ്മനത്തിനു നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തെങ്കിലും ശത്രുക്കള്‍ അതിലേറെയായിരുന്നു. സമൂഹത്തോടു ദ്രോഹം ചെയ്യുന്നവരെ ദയയില്ലാതെ കവിതകളിലൂടെ ചെമ്മനം പ്രതിക്കൂട്ടിലാക്കി. സമൂഹത്തിലെ കൊള്ളരുതായ്മകളെ കവിതയിലൂടെ പ്രഹരിച്ച ചെമ്മനത്തിന്റെ നഷ്ടം ആര്‍ക്കെങ്കിലും നികത്താന്‍ കഴിയുമോ എന്നതാണു മലയാള സാഹിത്യം ഇനി ഉയര്‍ത്തുന്ന ചോദ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  9 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago