ഭാഷാ വൈവിധ്യത്തിന്റെ സൗന്ദര്യം പകര്‍ന്ന് ഈ ഒന്നാം നമ്പര്‍ ബൂത്ത്
കാസര്‍കോട്: ജനാധിപത്യ പ്രക്രിയയില്‍ ബഹുസ്വരതയുടെ സൗന്ദര്യം പ്രസരിപ്പിച്ച് കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്. സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരം കുഞ്ചത്തൂരിലെ കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്തിലാണ് കഠിന വെയിലിനെ അവഗണിച്ച് ഭാഷാ വൈവിധ്യം നാനാത്വത്തില്‍ ഏകത്വം തീര്‍ത്തത്. ജനാധിപത്യത്തിന്റെ വിധി നിര്‍ണയിക്കാനായി പോളിങ് ബൂത്തിനു മുന്നില്‍ രൂപപ്പെട്ട വരി ഭാഷാസംസ്‌കാര വൈവിധ്യം വിളിച്ചോതുന്നതായിരുന്നു. കന്നഡ, ഉറുദു, തുളു, മലയാളം, ബ്യാരി തുടങ്ങിയ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന വ്യത്യസ്ത സാംസ്‌കാരിക ധാരകളായിരുന്നു രണ്ടു വരികളിലായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാക്തീകരണ പ്രക്രിയയില്‍ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിനായി ക്ഷമാപൂര്‍വം കാത്തുനിന്നത്. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ പാര്‍ലമെന്ററി മണ്ഡലമായ കാസര്‍കോട്ടെ ഒന്നാം നമ്പര്‍ നിയോജക മണ്ഡലമായ മഞ്ചേശ്വരത്തെ കുഞ്ചത്തൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്നാം നമ്പര്‍ ബൂത്ത് നിശ്ചയിച്ചത്. ഇതിനു പുറമെ രണ്ടും മൂന്നും ബൂത്തുകളും ഇതേ സ്‌കൂളില്‍ തന്നെയായിരുന്നു ഒരുക്കിയത്. ശക്തമായ ചൂടില്‍ വെന്തുരുകുന്ന സാഹചര്യത്തെ മറികടന്നാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇവിടെയെത്തിയത്. 1288 വോട്ടര്‍മാരാണ് ബൂത്തിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 790 വോട്ടര്‍മാരായിരുന്നു. ഇന്നലെ രാവിലെ കൃത്യം ഏഴിന് തന്നെ ആരംഭിച്ച വോട്ടെടുപ്പില്‍ ആദ്യമണിക്കൂറില്‍ 3.8 ശതമാനവും 10 നു 14.9 ശതമാനവും 12 നു 26.3 ശതമാനവുമായിരുന്നു പോളിങ് നില. മൂന്ന് മണിയാവുമ്പേഴേക്കും 43.5 ശതമാനം പോളിങും രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയക്ക് ശക്തി പകരാനുള്ള ദൃഢനിശ്ചയവുമായി എത്തിയ വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുന്നില്‍ ശാരീരിക പ്രശ്‌നങ്ങളും മറ്റു വെല്ലുവിളികളും ഒരു തടസവും ഉണ്ടാക്കിയില്ല. ലാറ്ററൈറ്റ് മേഖലയായ പ്രസ്തുത പ്രദേശത്ത് പകല്‍ സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. പോളിങ് സ്റ്റേഷനില്‍ കുടിവെള്ള സൗകര്യമൊരുക്കിയത് വോട്ടര്‍മാര്‍ക്ക് ആശ്വാസം പകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."