പരാതി ആയിരത്തോളം; പൊലിസ് നിഷ്‌ക്രിയം
തിരൂര്‍: തുഞ്ചത്ത് ജ്വല്ലേഴ്‌സ് ഉടമകള്‍ക്കെതിരേ ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടും പൊലിസ് നിഷ്‌ക്രിയം. ഇന്നലെ മാത്രം അഞ്ഞൂറിലേറെ പരാതികളാണ് തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. സംഭവത്തില്‍ ഇതുവരെയും പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിക്ഷേപകര്‍ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്. ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിച്ച് രജിസ്റ്ററില്‍ ചേര്‍ത്ത് സൂക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ പൊലിസ് ചെയ്യുന്നത്.
നിക്ഷേപകരുടെ ബഹളത്തെത്തുടര്‍ന്ന് ജ്വല്ലറി പൂട്ടിയ ദിവസവും ഇരുന്നൂറിലേറെ പരാതികള്‍ ലഭിച്ചിരുന്നു. അന്ന് 20നകം പണം നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയുമായി പിന്നെയും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടും കേസെടുക്കാന്‍ മടിച്ച് നില്‍ക്കുകയാണ് പൊലീസ്. പരാതികള്‍ പെരുകിയതോടെ പൊലീസിനെ ആശയക്കുഴപ്പത്തിലുമാക്കുന്നു. തിരൂരിന് പുറമെ എടപ്പാള്‍ ശാഖയിലെ നിക്ഷേപകരും പരാതിയുമായി തിരൂരിലെത്തുന്നുണ്ട്. ജില്ലാ പൊലീസ് ചീഫ് അവധിയിലായതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ലെന്നും രണ്ട് ദിവസത്തിനകം വിദഗ്‌ധോപദേശം സ്വീകരിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും തിരൂര്‍ ഡിവൈ.എസ്.പി കെ.വി സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."