സിന്ധുവിനും ബാബുവിനും മാത്രമല്ല; 5 പേര്‍ക്ക് ബൈജു പുതുജീവന്‍ നല്‍കും
സ്വന്തം ലേഖകന്‍
കൊച്ചി: മരണാനന്തരം ബൈജു പുതുജീവന്‍ നല്‍കുന്നത് അഞ്ചു പേര്‍ക്ക്. ജീവിതത്തിന്റെ ഏറിയ പങ്കും പൊതുജനസേവനത്തിന് നീക്കിവച്ച കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി.ബൈജു (37) ഇനി ജീവിക്കുക ഈ അഞ്ചു പേരിലൂടെയായിരിക്കും.
ശനിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ബൈജുവിന്റെ കരള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. അങ്ങനെയാണ് രക്തദാനം ഉള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബൈജുവിന്റെ ജീവിതം മരണശേഷവും പ്രവര്‍ത്തന നിരതമാകുന്നത്.
മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം പൂര്‍ത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി ഞായറാഴ്ച വെളുപ്പിന് എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ച വൃക്കകള്‍ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ ആലപ്പുഴ പൂന്തോപ്പിലെ കല്ലേലി വെളിയില്‍ പി.എം ബാബു (56), ഷൊര്‍ണൂര്‍ കള്ളിപ്പാടം വാക്കട സിന്ധു (44) എന്നിവര്‍ക്ക് വിജയകരമായി ട്രാന്‍സ്പ്ലാന്റ് ചെയ്തുവെന്ന് വി.പി.എസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ യൂറോളജി വിഭാഗം തലവന്‍ ഡോ. ജോര്‍ജ് പി ഏബ്രഹാം പറഞ്ഞു.
നെഫ്രോളജിസ്റ്റുമാരായ ഡോ. അബി ഏബ്രഹാം, ഡോ. ജോര്‍ജി കെ. നൈനാന്‍, യൂറോളജിസ്റ്റ് ഡോ ഡാറ്റ്‌സണ്‍ ജോര്‍ജ്, അനസ്തീഷ്യോളജിസ്റ്റ് ഡോ. ജയ സൂസന്‍ ജേക്കബ് എന്നിവരും ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി.
പരേതരായ ശങ്കുണ്ണി, മാധവി ദമ്പതികളുടെ മകനാണ് ബൈജു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."