കരുത്തോടെ കോഴിക്കോട്; കോഴിക്കോട് 81.27%, വടകര 81.56%
കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണിയും സംഘര്‍ഷസാധ്യതയും നിലനിന്ന ജില്ലയില്‍ കനത്ത പോളിങ്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ 81.27 ശതമാനവും വടകരയില്‍ 81.56 ശതമാനവും പോളിങ് രേഖപ്പെടുത്തി. 2014ല്‍ കോഴിക്കോട് 79.81 ശതമാനവും വടകരയില്‍ 81.24 ശതമാനവുമായിരുന്നു പോളിങ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
താമരശേരിയില്‍ വോട്ട് ചെയ്തു തിരിച്ചുവീട്ടിലെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തലയാട് പണിക്കത്തുക്കണ്ടി അബ്ദുറഹ്മാന്‍കുട്ടി (77) ആണ് മരിച്ചത്. കട്ടിപ്പാറ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചെത്തിയതായിരുന്നു. അതേസമയം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് മെഷിനുകള്‍ പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ ഇടയായി. രാത്രി വൈകിയാണ് പലയിടത്തും പോളിങ് നടപടിക്രമങ്ങള്‍ അവസാനിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ കാരണം ആറു മണിക്കൂറോളം കൊയിലാണ്ടി പുളിയഞ്ചേരിയില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് യന്ത്രം പണിമുടക്കിയത്. മോക് പോളിങ്ങിനിടെ യന്ത്രം തകരാറായതിനെ തുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം ഈ യന്ത്രവും തകരാറിലായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടെടുപ്പ് പുനരാരംഭിച്ചത് ഉച്ചക്ക് ഒന്നോടെയാണ്. കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ വോട്ട് ചെയ്ത സിവില്‍ മാതൃബന്ധു സ്‌കൂളിലെ 81-ാം ബൂത്തില്‍ യന്ത്രത്തകരാറു കാരണം വോട്ടിങ് 24 മിനിട്ട് വൈകിയാണ് ആരംഭിച്ചത്. വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തെയും പോളിങ് അവസാനിക്കാന്‍ രാത്രി ഏറെ വൈകി. കോഴിക്കോട് മണ്ഡലത്തിലെ പരപ്പില്‍ ബൂത്തില്‍ ചെറിയ സംഘര്‍ഷമുണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഓപണ്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിനു കാരണം. കാരശ്ശേരി പഞ്ചായത്തിലെ എച്ച്.എന്‍.സി.കെ സ്‌കൂള്‍ പോളിങ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് ചെറിയതോതിലുള്ള സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. പൊലിസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഒരാളെ കരുതല്‍ തടങ്കലില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."