ഡല്‍ഹി വംശഹത്യയെക്കുറിച്ചുള്ള ബി.ജെ.പി അനുകൂല പുസ്തകം പ്രസാധകര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ ആരോപണ വിധേയനായ കപില്‍ മിശ്രയുള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ ഓണ്‍ലൈന്‍ പ്രകാശനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഡല്‍ഹി വംശഹത്യയെക്കുറിച്ചുള്ള പുസ്തകം പ്രസാധകരായ ബ്ലൂംസ്‌ബെറി ഇന്ത്യ പിന്‍വലിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരായ സോനാലി ചിതാല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര, അഭിഭാഷക മോണിക്ക അറോറ എന്നിവര്‍ എഴുതിയ ഡല്‍ഹി 2020: അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന പുസ്തകമാണ് പിന്‍വലിച്ചത്. ഡല്‍ഹി വംശഹത്യ നടത്തിയത് സി.എ.എ വിരുദ്ധ 'കലാപകാരികളും' 'മുസ്‌ലിം ജിഹാദി'കളും 'അര്‍ബര്‍ നക്‌സലു'കളും ചേര്‍ന്നാണെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകം സെപ്റ്റംബറില്‍ പുറത്തിറക്കാനിരുന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പ്രകാശനത്തില്‍ കപില്‍ മിശ്രയായിരുന്നു മുഖ്യാതിഥി. എം.പിയും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ ഭൂപേന്ദ്ര യാദവായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പിന്നാലെ, ഇതെല്ലാം നടന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പുസ്തകം പിന്‍വലിക്കുകയാണെന്നും ബ്ലൂംസ്‌ബെറി ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു. പുസ്തകത്തിന്റെ പ്രകാശനത്തില്‍ പങ്കെടുത്തവര്‍ തങ്ങള്‍ അംഗീകരിക്കുന്ന ആളുകളല്ല. തങ്ങള്‍ക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഡല്‍ഹി സംഭവത്തില്‍ യഥാര്‍ഥത്തില്‍ നടന്നതിന്റെ അന്വേഷണ റിപ്പോര്‍ട്ടും എഴുത്തുകാര്‍ നടത്തിയ അഭിമുഖങ്ങളും എന്ന് തോന്നിപ്പിക്കുന്ന നിലയിലാണ് ഉള്ളടക്കമുണ്ടായിരുന്നതെന്നും ബ്ലൂംസ്‌ബെറി അറിയിച്ചു. അതേസമയം ഇടത് ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പുസ്തകം പിന്‍വലിച്ചതെന്ന് എഴുത്തുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."