ഒരു അമേരിക്കന്‍ മുത്തശ്ശിക്കഥ
ഇന്ന് ഒരു മുത്തശ്ശിക്കഥയാണ് പറയുന്നത്. എന്നുവെച്ചാല്‍ 101 വയസുവരെ ജീവിച്ച ഒരു അമ്മൂമ്മയുടെ യഥാര്‍ഥ ജീവിത കഥ.
അവര്‍ക്ക് 78 വയസുള്ളപ്പോഴാണ് ജീവചരിത്രത്തിലെ ഈ അധ്യായത്തിന്റെ ആരംഭം. ചരിത്രം അവരെ മോസസ് മുത്തശ്ശി എന്നു വിളിക്കുന്നു. മുഴുവന്‍ പേര് Anna Mary Robertson Moses.
അഞ്ചുമക്കളായിരുന്നു മോസസ് മുത്തശ്ശിയ്ക്ക്. സത്യത്തില്‍ ഇതിന്റെ ഇരട്ടി കുഞ്ഞുങ്ങളെ പ്രസവിച്ചതാണ്. പക്ഷെ അഞ്ചുപേരെ ചെറുപ്പത്തില്‍ത്തന്നെ നഷ്ടമായി. കഥയാരംഭിക്കുന്ന 78 വയസില്‍ അവര്‍ മുത്തശ്ശിമാത്രമല്ല, മുതുമുത്തശ്ശിയുമാണ്. നല്ല ഊര്‍ജസ്വലയായ സ്ത്രീ. അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ഹ്യൂസിക് ഫോള്‍സ് എന്ന ഗ്രാമത്തിലാണ്. ജീവിതം. തയ്യല്‍ മെഷീനില്‍ എംബ്രോയ്ഡറി ചെയ്യുകയാണ് അക്കാലത്തെ ജോലി. ചെറുപ്രായത്തില്‍, അടുത്തുള്ള വീടുകളിലും ബന്ധുവീടുകളിലുമൊക്കെ പാചകം, ക്ലീനിങ് തുടങ്ങിയ ജോലികള്‍ ചെയ്തായിരുന്നു ജീവിതം. വിവാഹാനന്തരം കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും.
ചുരുക്കത്തില്‍ നന്നായി അധ്വാനിച്ചുള്ള ജീവിതം തന്നെ. എംബ്രോയ്ഡറി വര്‍ക്ക് ചെയ്യുന്ന കാലത്താണ് അവര്‍ക്ക് സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുണ്ടായത്. അസുഖം കാരണം തയ്യല്‍ മെഷീന്‍ ചവിട്ടിക്കറക്കി ജോലി ചെയ്യാന്‍ പ്രയാസമായി.
ക്രിസ്മസ് വരികയാണ്. പോസ്റ്റ്മാന് ഒരു സമ്മാനം കൊടുക്കണം എന്നുണ്ട് മുത്തശ്ശിയ്ക്ക്. എംബ്രോയ്ഡറി സമ്മാനിക്കാനായിരുന്നു പദ്ധതി. അത് നടക്കാതായപ്പോഴാണ് അവര്‍ക്ക് ഒരാശയം തോന്നിയത്.
പകരം ഒരു ചിത്രം വരച്ച് സമ്മാനിച്ചാലോ?അങ്ങിനെ അവര്‍ വരച്ചു. നല്ലൊരു സീനറി. പോസ്റ്റ്മാന് അത് വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍. ചിത്രം കണ്ട മറ്റുള്ളവരും അതിനെ അഭിനന്ദിച്ചു. ചിത്രം നന്നായി എന്ന് മുത്തശ്ശിയ്ക്കും ബോധ്യമായി. അതോടെ അവര്‍ ഒരു കാര്യം കൂടി തിരിച്ചറിഞ്ഞു. ചിത്രരചന തന്നെ വളരെ വളരെയേറെ സന്തോഷിപ്പിക്കുന്നുണ്ട്. ബ്രഷും പെയിന്റുമായി എത്രയേറെ സമയമിരുന്നാലും താന്‍ ആഹ്ലാദചിത്തയാണ്!! സമയം പോവുന്നതറിയുന്നതേയില്ല!
അങ്ങിനെ രചനയില്‍ മുഴുകിയ മോസസ് മുത്തശ്ശി ധാരാളം ചിത്രങ്ങള്‍ വരച്ചുകൂട്ടി. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ സമ്മാനിച്ചു. ആ ചിത്രങ്ങളുടെ സൗന്ദര്യം ഗ്രാമത്തില്‍ എല്ലാവരുമറിഞ്ഞു. അവര്‍ വാങ്ങാനെത്തി. കേവലം രണ്ടോ മൂന്നോ ഡോളര്‍ മാത്രം വിലയ്ക്കായിരുന്നു ചിത്രങ്ങള്‍ വിറ്റത്.
അങ്ങിനെ കുറച്ചുനാള്‍ കഴിയുമ്പോഴാണ് ദൈവനിയോഗം പോലെ അതു സംഭവിക്കുന്നത്!! ചിത്രശേഖരണം നടത്തുന്ന ഒരാള്‍ ആ ഗ്രാമത്തിലൂടെ സഞ്ചരിക്കാനിടയായി. അവിടെ ഒരു കടയില്‍ ഏതാനും ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഒറ്റനോട്ടത്തില്‍ത്തന്നെ അവയുടെ അസാധാരണ മികവും കലാമൂല്യവും സൗന്ദര്യവും ആ കലാവിദഗ്ധന്‍ തിരിച്ചറിഞ്ഞു.
കടയിലുണ്ടായിരുന്ന ചിത്രങ്ങള്‍ മൊത്തം അയാള്‍ വാങ്ങി!! മേല്‍വിലാസം അന്വേഷിച്ചറിഞ്ഞ് മുത്തശ്ശിയുടെ വീട്ടില്‍ച്ചെന്ന് അവിടെ വരച്ചുവെച്ചവയത്രയുംകൂടി അയാള്‍ സ്വന്തമാക്കുകയും ചെയ്തു. ഒരുവര്‍ഷത്തിനകം മുത്തശ്ശിയുടെ മൂന്ന് പെയ്ന്റിങുകള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ അതിപ്രശസ്തമായ 'മോഡേണ്‍ ആര്‍ട്ടില്‍'പ്രദര്‍ശനത്തിനെത്തി. കാണികള്‍ ഒഴുകിയെത്തി. സാധാരണക്കാരും ചിത്രകലാവിദഗ്ധരും വിമര്‍ശകരുമൊക്കെ അവയെ ഒരുപോലെ വാഴ്ത്തി.
തുടര്‍ന്ന് അവസരങ്ങളുടെയും അഭിനന്ദനങ്ങളുടെയും ഘോഷയാത്രയായിരുന്നു. പ്രസിഡന്റിന്റെ വൈറ്റ്ഹൗസില്‍ മാത്രമല്ല, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ ഗാലറികളിലും ചിത്രങ്ങള്‍ സ്ഥലംപിടിച്ചു!!. എക്‌സിബിഷനുകളില്‍ സന്ദര്‍ശകര്‍ റെക്കാഡുകള്‍ ഭേദിച്ചു. പ്രായം 88 ആയപ്പോള്‍ 'മെഡ് മോയ്‌സന്‍ മാഗസിന്‍' അവരെ വിമന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. രണ്ട് ഓണററി ഡോക്റ്ററേറ്റുകളും ആ ചിത്രമുത്തശ്ശിയെത്തേടിയെത്തി!! അവരെക്കുറിച്ച് ജറോംഹില്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയ്ക്ക് അക്കാദമി നോമിനേഷന്‍ ലഭിച്ചു.
'മൈ ലൈഫ്‌സ് ഹിസ്റ്ററി' എന്ന ആത്മകഥയും പ്രശസ്തി നേടി. കുടുംബിനികള്‍ക്കും വിധവകള്‍ക്കും വിരമിച്ച് വെറുതേയിരിക്കുന്നവര്‍ക്കുമൊക്കെ മോസസ് മുത്തശ്ശിയുടെ ജീവിതം പ്രചോദനമായി.ചിത്രകാരി മുത്തശ്ശിയുടെ നൂറാം ജന്മദിനം 'ഗ്രാന്റ്മാ മോസസ് ഡേ' ആയി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. നൂറ്റിയൊന്നാം വയസ്സില്‍ മരണം കീഴടക്കുന്നതുവരെ അവര്‍ നിരന്തരം വരച്ചുകൊണ്ടേയിരുന്നു! എല്ലാം മനോഹര ചിത്രങ്ങള്‍!ഇതാണ് 78 വയസില്‍ തുടങ്ങി നൂറ്റിയൊന്നില്‍ അവസാനിച്ച അമേരിക്കന്‍ മുത്തശ്ശിക്കഥ. ( ജനനം 1860 സെപ്റ്റംബര്‍ ഏഴ് - മരണം 1961 ഡിസമ്പര്‍ 13). 'പ്രായം തൊണ്ണൂറായാലും സജീവമായിരിക്കാന്‍ ശരിയായ ആറ്റിറ്റിയൂഡ് മാത്രം മതി' എന്ന് മോസസ് മുത്തശ്ശി പറയുന്നു.
അപ്പോള്‍ നമ്മില്‍പ്പലര്‍ക്കും സത്യത്തില്‍ വൈകിപ്പോയിട്ടില്ല, അല്ലേ? കഴിവുകള്‍, താല്‍പ്പര്യങ്ങള്‍, തനിക്കു ശോഭിക്കാന്‍ കഴിയുന്ന മേഖല എന്നിവ എപ്പോഴായിരിക്കും നാം സ്വയം തിരിച്ചറിയുക? അതിനായി കാത്തിരിക്കേണ്ടുന്ന ആവശ്യമൊന്നും ഇന്നത്തെക്കാലത്തില്ല എന്നും പറയാം. ലോകം ഏറെ പുരോഗമിച്ചിരിക്കുന്നു.
അഥവാ വൈകിപ്പോയെങ്കില്‍ത്തന്നെ, കുതിച്ചെത്തി മുന്നേറാന്‍ പ്രയാസമില്ലെന്ന് നമുക്കു ചുറ്റും പലരും കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു.
'Better Late Than Never' എന്നത് കേവലമൊരു പഴഞ്ചൊല്ലല്ല. ലോകമെമ്പാടുമുള്ള ഇത്തരം സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഇതേ പേരില്‍ ടെലിവിഷന്‍ പ്രോഗ്രാമും നടക്കുന്നുണ്ട്.ഇങ്ങിനെയൊക്കെയാണെങ്കിലും ഇതുകൂടി കാണുന്നതും നല്ലതുതന്നെ.
'Better late than never, but never late is better'
അതെ.എന്നാലിനി ഒട്ടും വൈകണ്ട!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."