മാതൃകാ പോളിങ് സ്റ്റേഷനായി കൈതക്കര ജി.എം.എല്‍.പി സ്കൂള്‍
തിരുന്നാവായ: മാതൃകാ പോളിങ് സ്റ്റേഷനായി അനന്താവൂര്‍ വില്ലേജിലെ 149, 150 ബൂത്തുകളായ കൈതക്കര ജി.എം.എല്‍.പി സ്കൂള്‍. കല്യാണപ്പന്തല്‍ പോലെ അലങ്കരിച്ച ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ആധുനിക രീതിയില്‍ ഒരുക്കിയിരുന്നു. എല്ലാ ഇരിപ്പിടത്തിലും മേശപ്പുറത്തും പ്രത്യേക വിരികള്‍, വിശ്രമ പ്പന്തലില്‍ ഫാനും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. കുരുത്തോല തോരണങ്ങളും കര്‍ട്ടനും തൂക്കി അലങ്കരിച്ചതോടൊപ്പം പ്രവേശന കവാടത്തിലുള്ള കുലവാഴ കൗതുകമേകി. വോട്ടര്‍മാര്‍ക്ക് സ്വാഗത മോതിയ ബോര്‍ഡ് തെങ്ങോലയിലാണ് തയാറാക്കിയത്. പൂര്‍ണ്ണമായും ഹരിത നിയമാവലി പാലിച്ചതായിരുന്നു പോളിങ് സ്റ്റേഷന്. സംഭാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവയും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു.
വോട്ടര്‍മാര്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് കളിക്കുവാനുള്ള കളിസ്ഥലം, മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ഉണ്ടായിരുന്നു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് പ്രധാന ജനാധിപത്യ വാക്യങ്ങളും ആശയങ്ങളും ചുമരുകളിലും ചാര്‍ട്ടുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. അനന്താവൂര്‍ വില്ലേജ് ഓഫിസ് ജീവനക്കാര്‍, സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."