പെരിന്തല്‍മണ്ണയിലും വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍; പാതായ്ക്കരയില്‍ കള്ളവോട്ട്
പെരിന്തല്‍മണ്ണ: മണ്ഡലത്തിന്റെ പലഭാഗങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായി. വോട്ടിങ് തുടങ്ങി പത്തുമിനുട്ടുകള്‍ക്കകം വെട്ടത്തൂര്‍ പച്ചീരി 21ാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്. ഇവിടെ എട്ടിന് ശേഷമാണ് പിന്നീട് വോട്ടെടുപ്പ് തുടങ്ങിയത്. വെട്ടത്തൂര്‍ പഞ്ചയത്തിലെ മണ്ണാര്‍മലയില്‍ ബൂത്ത് നമ്പര്‍ 22, ആലുങ്ങല്‍ ബൂത്ത് നമ്പര്‍ 20, കാര്യവട്ടം ബൂത്ത് നമ്പര്‍ 19 എന്നിവിടങ്ങളിലും വോട്ടിങ് മെഷീന്‍ കേടായതിനാല്‍ പോളിങ് ഒരു മണിക്കൂറോളം വൈകി.
അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എ.എല്‍.പി സ്‌കൂളില്‍ 143ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 45 മിനുട്ട് വൈകി. പുതിയ യന്ത്രം കൊണ്ടുവന്ന ശേഷമാണ് വോട്ടെടുപ്പ് തുടങ്ങാനായത്. മണ്ണാര്‍മല പള്ളിപ്പടി എ.എല്‍.പി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 30ല്‍ തുടക്കത്തിലേ മെഷീന്‍ തകരാര്‍ പരിഹരിച്ച ശേഷമാണ് വോട്ടിന് തുടങ്ങിയതെങ്കിലും അഞ്ചുപേര്‍ മാത്രം വോട്ട് ചെയ്തതിനു ശേഷം വീണ്ടും കേടായി. അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍ 130ാം നമ്പര്‍ ബൂത്തിലും മെഷീന്‍ തകരാര്‍ മൂലം അരമണിക്കുളം വൈകി.
അതേസമയം, നഗരത്തിലെ പാതായ്ക്കര എ.യു.പി സ്‌കൂളിലെ 60ാം നമ്പര്‍ ബൂത്തില്‍ രാജന്‍ എന്ന മധ്യവയസ്‌കന്റെ വോട്ട് കള്ളവോട്ട് ചെയ്തതായി പരാതിയുയര്‍ന്നു. 9.20നാണ് റിട്ട. നേവി ഉദ്യോഗസ്ഥനായ രാജന്‍ വോട്ടുചെയ്യാനെത്തുന്നത്. അതിനു മുന്‍പേ ആരോ വോട്ടുചെയ്തു. വോട്ടുചെയ്യണമെന്ന് രാജന്‍ നിര്‍ബന്ധം പിടിച്ചതോടെ പിന്നീട് ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ ജൂബിലി റോഡിലെ ഖാദര്‍ മൊല്ല സ്‌കൂളില്‍ 55ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പട്ടിക്കാട് സ്‌കൂളിലെ ബൂത്ത് നമ്പര്‍ 150ല്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയും വോട്ട് ചെയ്തു.
വൈകിട്ട് ആറിന് ശേഷവും മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പോളിങ് തുടര്‍ന്നു. വോട്ടിങ് യന്ത്രങ്ങള്‍ കേടായത് പലയിടത്തും പോളിങ് തടസപ്പെടാന്‍ ഇടയാക്കി. നിശ്ചിത സമയം കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും നൂറിലേറെപ്പേര്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു.
ആറിന് ശേഷവും കുന്നപ്പള്ളി വായനശാല എ.എല്‍.പി സ്‌കൂളില്‍ രണ്ടു ബൂത്തുകളിലും അന്‍പതിനു മുകളില്‍ ആളുകള്‍ ക്യൂവിലുണ്ടായിരുന്നു. ആലിപ്പറമ്പ് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 112, വെട്ടത്തൂര്‍ പഞ്ചയത്തിലെ കാപ്പ്, കാര ജി.എല്‍.പി. സ്‌കൂളിലെ 38ാം നമ്പര്‍ ബൂത്ത്, പുലാമന്തോള്‍ പഞ്ചയത്തിലെ വി.എം.യു.പി സ്‌കൂള്‍ വളപുരം 141ാം നമ്പര്‍ ബൂത്ത്, ഏലംകുളം പഞ്ചയത്തിലെ ചെറുകര യു.പി. സ്‌കൂള്‍ 161,162 ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പോളിങ് സമയം നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."