മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍-കള്ളിപ്പാറ റോഡില്‍ പാമ്പിന്കാവില് രാത്രി മലിന്യം തള്ളാനെത്തിയവരെയും വാഹനവും പിടികൂടി നാട്ടുകാര്‍ തിരുവമ്പാടി പൊലിസിലേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ഇറച്ചിക്കടകളിലെ മാലിന്യം തള്ളുന്നതിന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്നത്.
കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി, മുരിങ്ങംപുറായ് സ്വദേശികളെയാണ് പിടികൂടിയത്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ മാലിന്യം മുക്കത്തെ കടകളില്‍നിന്നു ശേഖരിച്ച് വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി തള്ളാന്‍ കരാറെടുത്ത കാരശ്ശേരി കുറ്റിപ്പറമ്പ് സ്വദേശിയുടെ വീട്ടിലേക്ക് മാലിന്യം വാഹനം കൊണ്ടുപോയി ഏറേ നേരം അവിടെ നിര്‍ത്തിയിട്ടു.
കക്കാടംപൊയിലില്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് കിലോക്ക് രണ്ടു രൂപ എന്ന നിലക്ക് വാങ്ങി കഴിഞ്ഞ മൂന്നു മാസമായി അറവുമാലിന്യം തള്ളാന്‍ സഹായിച്ച ചെറുവാടി സ്വദേശിക്കെതിരേയും മാലിന്യം നിക്ഷേപിക്കാന്‍ കരാറെടുത്ത വ്യക്തിക്കെതിരേയും മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഉടമക്കെതിരേയും ഡ്രൈവര്‍ക്കെതിരെയും മാലിന്യവാഹനത്തിന് എക്സ്കോര്‍ട്ട് വന്ന ആള്‍ക്കെതിരേയും നാട്ടുകാര്‍ തിരുവമ്പാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."