കന്നിവോട്ടിനായി ഇരട്ടകളെത്തി; മൂന്നുതലമുറയുടെ കരുത്തുമായി
കാസര്‍കോട്: ജനാധിപത്യത്തിനു ശക്തി പകരാന്‍ കന്നിവോട്ടിന്റെ കരുത്തുമായി എത്തിയ ഇരട്ടകള്‍ക്കിത് ഇരട്ടി മധുരം. ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കഡറി സ്‌കൂളിലെ 35-ാം നമ്പര്‍ ബൂത്തിലാണ് ജനാധിപത്യ പ്രക്രിയക്ക് പിന്തുണയര്‍പ്പിച്ച് ഇരട്ടകളായ അശ്വതിയും ആതിരയും എത്തിയത്. അമ്മ പ്രസന്നയും മുത്തശ്ശി ദാക്ഷായണിയും കൂടിയായതോടെ മൂന്നുതലമുറയുടെ കരുത്തുമായാണ് ഇവര്‍ വോട്ടു ചെയ്തത്.
തങ്ങള്‍ പഠിച്ച സ്‌കൂളില്‍ തന്നെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍. ഈ സ്‌കൂളില്‍ തന്നെ പ്ലസ് ടു പഠിച്ച് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇരുവരും.
തെക്കില്‍ മഹാലക്ഷ്മീപുരത്തെ പരേതനായ കെ. ഭാസ്‌കരന്റെ മക്കളാണ് ഈ ഇരട്ടകള്‍. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത് മുതല്‍ തെരഞ്ഞെടുപ്പ് ദിനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പഠിച്ചു വന്ന സ്‌കൂളില്‍ നിന്നു തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷവുമുണ്ടെന്നും ഇരട്ടകള്‍ ഏകസ്വരത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."