വര്‍ഗീയത വിറ്റ് പണം വാരുന്ന ഫേസ്ബുക്ക്
ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും കച്ചവട താല്‍പര്യത്തിനായി ചവിട്ടിത്തേക്കുകയാണ് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക്. ബി.ജെ.പി സഹയാത്രികരായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ആഘോഷദിനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണല്‍ പത്രം പുറത്തുവിട്ടത്.
തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എ ടി. രാജാസിങ് പോസ്റ്റ് ചെയ്ത മതസ്പര്‍ദ്ധയുണ്ടാക്കുന്ന കുറിപ്പ് നീക്കം ചെയ്യാതെ നിലനിര്‍ത്താന്‍ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി ഡയരക്ടറായ അങ്കി ദാസ് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് പുറത്തുവിട്ട വാര്‍ത്ത. പോസ്റ്റ് നീക്കം ചെയ്യണമെന്ന് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും അങ്കി ദാസ് വഴങ്ങിയില്ല. ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ത്താല്‍ ഇന്ത്യയിലെ ബിസിനസിനെ അത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ന്യായം.
ഗോമാംസം കഴിക്കുന്ന മുസ്‌ലിംകളെ കൊന്നൊടുക്കാനും മുസ്‌ലിം ദേവാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിംഗ്യക്കാരെ വെടിവച്ച് കൊല്ലാനും ആഹ്വാനം ചെയ്യുന്നതായിരുന്നു രാജാസിങ്ങിന്റെ പോസ്റ്റ്. ഫേസ്ബുക്കിന് 30 കോടി ഉപയോക്താക്കളും സഹോദര സ്ഥാപനമായ വാട്‌സ് ആപ്പിന് 40 കോടി ഉപയോക്താക്കളുമാണ് ഇന്ത്യയിലുള്ളത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മുന്‍പ് ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചവരാണ്. ബി.ജെ.പിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഫേസ്ബുക്കിലെ അഞ്ച് ഉദ്യോഗസ്ഥരെക്കുറിച്ച് ന്യൂസ്‌ക്ലിക്ക് എന്ന ചാനല്‍ 2018 നവംബറില്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. അവരില്‍ പ്രധാനിയായിരുന്നു അങ്കി ദാസ്. ഇവര്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായാ നിര്‍മാണ സംഘത്തില്‍ അംഗമായിരുന്നു. ഇതിനായി അങ്കി ദാസ് നരേന്ദ്രമോദിയുടെ ഐ.ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഹിരണ്‍ ജോഷിയുമായി കാംപയിന്‍ നടത്തിയതാണ്. അങ്കി ദാസിന്റെ സഹോദരി രശ്മി ദാസ് എ.ബി.വി.പിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള ഫേസ്ബുക്കിന്റെ ചര്‍ച്ചകള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് അങ്കി ദാസാണ്.
വിവാദം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് ഇടയായതോടെ തനിക്കു വധഭീഷണിയുണ്ടെന്ന് അങ്കി ദാസ് ഡല്‍ഹി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്കിനെതിരേയും ബി.ജെ.പിക്കെതിരേയും കോണ്‍ഗ്രസ് ആരോപണം കടുപ്പിച്ചതിനെത്തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒരു അമേരിക്കന്‍ പത്രം വേണ്ടിവന്നു.
ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ നീക്കം ചെയ്യാനും നടപടിയെടുക്കാനും ഫേസ്ബുക്ക് മടിക്കുന്നുവെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്തയെ തുടര്‍ന്ന് ഇതില്‍ ഫേസ്ബുക്കിന് എന്തുപറയാനുണ്ടെന്ന് അവരെ വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് പാര്‍ലമെന്റ് ഐ.ടി സ്ഥിരം സമിതി ചെയര്‍മാന്‍ ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തതോടെ ബി.ജെ.പി കേന്ദ്രങ്ങള്‍ വെപ്രാളപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന് ഉദാഹരണമാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ്. ലോക്‌സഭാ സെക്രട്ടറി ജനറലിനു മാത്രമാണ് ഇത്തരത്തില്‍ ആളുകളെ വിളിച്ചുകൂട്ടാനുള്ള അധികാരമെന്നാണ് നിഷികാന്തിന്റെയും ബി.ജെ.പി നേതാക്കളുടെയും വാദം. ഇതിനെതിരേ ശശി തരൂര്‍ നിഷികാന്തിന് അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുകയാണ്. നിഷികാന്തിന്റെ നടപടി അവകാശ ലംഘന പരിധിയില്‍ വരുന്നതാണ്. ഈ വസ്തുത ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് എക്‌സിക്യുട്ടീവ് അധികാരമില്ലെങ്കിലും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടിസ് അയയ്ക്കാനും വിളിച്ചുവരുത്താനും വിശദീകരണം തേടാനുമുള്ള അധികാരം ഉണ്ട്. കോടതിയില്‍നിന്ന് അയക്കുന്ന നോട്ടിസിനു തുല്യമാണിത്. അടുത്ത മാസം രണ്ടിന് ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യയോട് നിര്‍ദേശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ നോട്ടിസില്‍ പ്രകോപിതരായ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തു നല്‍കിയതോടെ വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ചൂടുപിടിക്കുമെന്നു ഉറപ്പായി.
ആധുനിക കാലത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും വരുന്ന ഓരോ കുറിപ്പുകളും ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനനുസൃതമായ സാമൂഹിക ചലനങ്ങളും ഉണ്ടാകുന്നു. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവവും ഹോങ്കോങ്ങിലെ ജനകീയ സമരങ്ങളും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെളുത്ത വര്‍ഗക്കാരനായ പൊലിസുകാരന്‍ കാല്‍മുട്ടു കൊണ്ട് കഴുത്തില്‍ ഞെക്കിക്കൊന്നതും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയത് സമൂഹമാധ്യമങ്ങള്‍ ആഗോളതലത്തില്‍ സൃഷ്ടിച്ച വാര്‍ത്താ പ്രകമ്പനങ്ങളെത്തുടര്‍ന്നായിരുന്നു. എന്നാല്‍ അത്തരം വിശ്വാസ്യതയുടെ കടയ്ക്കലാണ് ബിസിനസ് താല്‍പര്യം മുന്നില്‍കണ്ട് ഫേസ്ബുക്ക് കത്തിവച്ചിരിക്കുന്നത്.
ഡല്‍ഹി കലാപത്തിന്റെ സൂത്രധാരനായ കപില്‍ മിശ്രയുടെ വര്‍ഗീയ വിഷം വമിക്കുന്ന പോസ്റ്റ് ഫേസ്ബുക്ക് ഇതുവരെ മരവിപ്പിച്ചിട്ടില്ല. കച്ചവട താല്‍പര്യമല്ലാതെ മറ്റൊന്നുമല്ല ഇതു നിലനിര്‍ത്താന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ വരുമാനം 892 കോടി രൂപയാണ്. തൊട്ടുമുന്‍പിലത്തെ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനത്തിന്റെ വര്‍ധന. ഇതില്‍ ഭ്രമിച്ചാണ് ഫേസ്ബുക്ക് ഇന്ത്യന്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കിക്കൊണ്ടിരിക്കുന്നതും അത് നിലനിര്‍ത്തുന്നതും.
ലോകത്ത് എല്ലായിടത്തും ഇതേനയം തന്നെയാണ് ഫേസ്ബുക്ക് തുടരുന്നത്. ട്രംപിന്റെ വംശീയ വിദ്വേഷ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ഫേസ്ബുക്കാണ്. ലോകത്തെ സ്വേച്ഛാധിപതികളുടെയും ഫാസിസ്റ്റ് ഭരണാധികാരികളുടേയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ഫേസ്ബുക്കിനെ ജനകീയ വിശ്വാസ്യതയില്‍നിന്നു പുറംന്തള്ളുന്ന കാലം വിദൂരമല്ല. ജനകീയ നിസഹകരണത്തിലൂടെയായിരിക്കും ഇത് സംഭവിക്കുക. ഇതുവഴി ബഹുസ്വരതയുടെ ആരോഗ്യകരമായ സംവാദങ്ങളുടെയും കൂടിച്ചേരലുകളുടെയും പ്ലാറ്റ്‌ഫോം കൂടിയായിരിക്കും ഫേസ്ബുക്ക് ഇല്ലാതാക്കുന്നത്. അതു സംഭവിക്കാതിരിക്കണമെങ്കില്‍ ഭരണകൂട താല്‍പര്യങ്ങളുമായി ചേര്‍ന്നുപോകുന്ന നയം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായിരിക്കും ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."