HOME
DETAILS
MAL
സംസ്ഥാന ഖനന നയം ആവിഷ്‌കരിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി
backup
August 25 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പ്രവര്‍ത്തനം ശാസ്ത്രീയമായും നിയമവിധേയമായും പ്രകൃതി സൗഹൃദപരമായും നടപ്പാക്കാന്‍ കഴിയും വിധം സമഗ്രമായ സംസ്ഥാന ഖന നയം ആവിഷ്‌ക്കരിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ. ദേശീയ ഹരിത ട്രൈബ്യുണല്‍, സുപ്രീം കോടതി എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം നയരൂപീകരണമെന്നും സമിതി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2015 ല്‍ ഭേദഗതി വരുത്തിയ കേരള മൈന്‍സ് ആന്‍ഡ് മിനറല്‍സ് കണ്‍സര്‍വേഷന്‍ ചട്ടം കൃത്യമായി നടപ്പില്‍ വരുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇത് പ്രകാരം പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ക്കല്ലാതെ മറ്റൊരു ക്വാറിക്കും കേരളത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍പോലും ചട്ടം ലംഘിക്കുകയാണെങ്കില്‍ പ്രവര്‍ത്തന അനുമതി റദ്ദാക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
ക്വാറി ലൈസന്‍സ് ഒരു വ്യക്തിക്ക് അനുവദിക്കുന്നതിന് പകരം ക്വാറികള്‍ പൊതു ഉടമസ്ഥതതയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരികയും പൊതു ഖനത്തിന് ശക്തമായ സാമൂഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് ശുപാര്‍ശയിലുണ്ട്.
പാറ പൊട്ടിച്ച് മാറ്റുമ്പോഴും മണ്ണെടുക്കുമ്പോഴും മണ്ണ് നിക്ഷേപിക്കുമ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജല സ്രോതസുകളെ എപ്രകാരം ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനം നടത്തണം, അനധികൃത ഖനം നടത്തിയെടുക്കുന്ന കരിങ്കലിന് പരസ്യവിപണിക്ക് തുല്യമായ പെനാല്‍റ്റി ഈടാക്കുവാന്‍ വ്യവസ്ഥ ചെയ്യണം, ഖനവുമായി ബന്ധപ്പെട്ട് സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍,നാശനഷ്ടങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള സെക്യുരിറ്റി തുക പെര്‍മിറ്റ് നല്‍കുമ്പോള്‍ തന്നെ ഉടമകളില്‍ നിന്നും ഈടാക്കുന്നതിന് വ്യവസ്ഥ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി മുന്നോട്ട് വയ്ക്കുന്നു.
പരിസ്ഥിതി ക്ലിയറന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമെന്നത് കുറയ്ക്കണമെന്നും ഖനം സംബന്ധിച്ച കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിയ്ക്കാനായി വിവിധ വകുപ്പുകള്‍ സംയുക്തമായി റഗുലര്‍ മോണിറ്ററിങ് സംവിധാനം രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."