HOME
DETAILS
MAL
ന്യൂസിലന്‍ഡ് മുസ്‌ലിം പള്ളികളിലെ കൂട്ടക്കൊല പ്രതി പള്ളികള്‍ കത്തിക്കാന്‍ പദ്ധതിയിട്ടു
backup
August 25 2020 | 02:08 AM
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മുസ്‌ലിം പള്ളികളിലെ 51 പേരെ വംശവെറി മൂത്ത ആസ്‌ത്രേലിയക്കാരന്‍ വെടിവച്ചുകൊന്ന കേസില്‍ ഹൈക്കോടതിയില്‍ വാദംകേള്‍ക്കല്‍ ആരംഭിച്ചു.
വെള്ളക്കാരന്റെ അധീശത്വത്തില്‍ വിശ്വസിക്കുകയും കുടിയേറ്റക്കാരെ വെറുക്കുകയും ചെയ്യുന്ന ബ്രെന്റണ്‍ ടാറന്റ് എന്ന 29കാരനാണ് 2019 മാര്‍ച്ച് 15ന് പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയവരെ നിര്‍ദയം കൊലപ്പെടുത്തിയത്.
പരമാവധി മുസ്‌ലിംകളെ കൊന്നൊടുക്കുകയായിരുന്നു കൊലയാളിയുടെ ലക്ഷ്യമെന്നും വെടിവയ്പിനു ശേഷം പള്ളികള്‍ കത്തിക്കാന്‍ പ്രതി പദ്ധതിയിടുകയും ഇതിനായി കാറില്‍ പെട്രോള്‍ കാനുകള്‍ കരുതുകയും ചെയ്തിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
മൂന്നാമതൊരു പള്ളി കൂടി ആക്രമിക്കാന്‍ പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കൂട്ടക്കൊല തങ്ങളെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് വിശദീകരിക്കുമ്പോള്‍ കോടതിമുറിയില്‍ കൂസലില്ലാതെ അവരെ നോക്കിനില്‍ക്കുകയായിരുന്നു കൊലയാളി. അത്യാധുനിക യന്ത്രത്തോക്കുകളുമായി ആദ്യം ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് പോയി വെടിവയ്പ് നടത്തിയ ബ്രെന്റണ്‍ ടാരന്റ് പിന്നീട് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലിന്‍വുഡ് പള്ളിയിലേക്ക് കാറോടിച്ച് പോയി അവിടെയും കൂട്ടക്കൊല നടത്തുകയായിരുന്നു.
പള്ളികളുടെ കെട്ടിടത്തിന്റെ പ്ലാനുകള്‍ ഉള്‍പ്പെടെ ശേഖരിച്ചും മറ്റ് വിശദാംശങ്ങള്‍ മനസ്സിലാക്കിയുമാണ് ഏറ്റവും തിരക്കേറിയ സമയം കണ്ടെത്തി കൂട്ടക്കൊല നടത്താനിറങ്ങിയതെന്നും പ്രതി കോടതിയില്‍ വെളിപ്പെടുത്തി.
ആക്രമണത്തിന് മുമ്പുള്ള മാസങ്ങളില്‍ അല്‍ നൂര്‍ പള്ളിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. അല്‍ നൂര്‍ പള്ളിക്കും ലിന്‍വുഡ് ഇസ്‌ലാമിക് സെന്ററിനും പുറമേ ആഷ്ബര്‍ട്ടണ്‍ പള്ളിയിലും കൂട്ടക്കൊല നടത്താന്‍ പ്രതി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ വഴിമധ്യേ പോലിസിന്റെ പിടിയിലായതിനാല്‍ ഇത് നടന്നില്ല. നിലവില്‍ പരോളില്ലാതെ ജയിലില്‍ കഴിയുകയാണ് പ്രതി.
'മുസ്‌ലിംകളില്‍ ഭയമുണ്ടാക്കാന്‍ കൊലയാളി ആഗ്രഹിച്ചു'
വെല്ലിങ്ടണ്‍: രാജ്യത്തെ മുസ്‌ലിംകളില്‍ ഭയമുണ്ടാക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് പ്രതി പൊലിസിനോട് പറഞ്ഞതായി പ്രോസിക്യൂട്ടര്‍ ബര്‍ണബെ ഹവാസ് പറഞ്ഞു. മുസ്‌ലിംകളിലും യൂറോപ്യരല്ലാത്ത കുടിയേറ്റക്കാരിലും ഭയമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കൂടുതല്‍ പേരെ കൊല്ലാനാവാത്തതില്‍ അയാള്‍ക്ക് നിരാശയുണ്ടായിരുന്നു- ഹവാസ് വിശദമാക്കി.
അതേസമയം നിങ്ങളുടെ പൈശാചിക പ്രവൃത്തി ഞങ്ങളെ പൊതുജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തതെന്ന് അല്‍ നൂര്‍ പള്ളി ഇമാം കമാല്‍ ഫൗദ കൊലയാളിയുടെ നേരെ വിരല്‍ചൂണ്ടി പറഞ്ഞു. നിങ്ങള്‍ തെറ്റായി നയിക്കപ്പെടുകയായിരുന്നു. നിങ്ങള്‍ വെറുപ്പ് സൃഷ്ടിക്കാനാണ് ഇത് ചെയ്തതെങ്കില്‍ തദ്ഫലമായി സമൂഹം ഞങ്ങളെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്തത്- അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എനിക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ലെന്നായിരുന്നു വെടിവയ്പില്‍ കൊല്ലപ്പെട്ട 33കാരനായ അത്താ എലായാന്റെ മാതാവിനു പറയാനുണ്ടായിരുന്നത്. മുസ്‌ലിംകളായി എന്ന ഒരേയൊരു കാരണത്താലാണ് നീ 51 പേരെ കൊലപ്പെടുത്തിയത്- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."