നാനൂറിലധികം ആളുകള്‍ക്ക് ഒരു ഫാര്‍മസിസ്റ്റ്: മരുന്നിന് കാത്തു നില്‍ക്കുന്നത് മണിക്കൂറുകള്‍
കയ്പമംഗലം: പ്രതിദിനം നാനൂറിലധികം രോഗികള്‍ ചികിത്സ തേടി എത്തുന്ന ആശുപത്രിയില്‍ മരുന്നിന് കാത്തുനില്‍ക്കേണ്ടത് മണിക്കൂറുകള്‍. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ.
മഴക്കാലം കൂടി വന്നതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായ ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. മൂന്നു ഡോക്ടര്‍മാര്‍ ഒ.പി.യില്‍ ഉള്ളപ്പോള്‍ രോഗ പരിശോധന എളുപ്പത്തില്‍ കഴിയും. പക്ഷെ, മരുന്ന് ലഭിക്കാന്‍ രോഗികള്‍ക്ക് രണ്ടോ മൂന്നോ മണിക്കൂറുകള്‍ തന്നെ നില്‍ക്കേണ്ടി വരും. വൃദ്ധരും അവശരുമായ രോഗികള്‍ മരുന്നും പ്രതീക്ഷിച്ച് അനക്കമറ്റ വരിയില്‍ കാത്തു നില്‍ക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്. എന്‍.ആര്‍.എച്ച്.എം വഴി പോസ്റ്റ് ചെയ്ത ഒരു ഫാര്‍മസിസ്റ്റ് കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലും കയ്പമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാല്‍ അങ്ങോട്ട് പോയി. അതോടെയാണ് കൂടുതല്‍ ദുരിതമായത്. നിലവില്‍ ഒരു ഫാര്‍മസിസ്റ്റിന്റെ തസ്തിക മാത്രമേ ആശുപത്രിയില്‍ ഉള്ളൂ.
ആകെയുള്ള ഫാര്‍മസിസ്റ്റിന് ശ്വാസം വിടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മരുന്ന് കൊടുക്കിന്നടത്തെ ബഹളം നിമിത്തം ടോക്കന്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. 55 കൊല്ലം പിന്നിട്ട ആശുപത്രിയില്‍ തുടക്കത്തിലുള്ള അതേ തസ്തികകള്‍ തന്നെയാണ് ഇന്നും നിലവിലുള്ളത്.
നാട്ടില്‍ ജനസംഖ്യ വര്‍ധിക്കുകയും രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തത് അധികൃതര്‍ അറിഞ്ഞ മട്ട് കാണിക്കുന്നില്ല. തുടക്കത്തില്‍ 3000 ചതുരശ്ര അടി വിസ്തീര്‍ണം മാത്രമാണ് ആശുപത്രിക്ക് ഉണ്ടായിരുന്നത്. അന്ന് നിയമിച്ചത് ഒരു ഫാര്‍മസിസ്റ്റിനെയാണ്. പിന്നീട് ആശുപത്രി വളര്‍ന്ന് 16,000 ചതുരശ്ര അടി ആയിട്ടും ഫാര്‍മസിസ്റ്റ് ഇപ്പോഴും 'ഒന്ന്' തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."