ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരം
വെള്ളാങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വെള്ളാങ്ങല്ലൂരില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പഞ്ചായത്തിലെ 27 ബൂത്തുകളിലും രാവിലെ മുതല്‍ക്കേ കനത്ത പോളിങ് ഉണ്ടായിരുന്നു. പൈങ്ങോട് എല്‍.പി.സ്‌കൂളിലെ എട്ടാം നമ്പര്‍ ബൂത്തില്‍ പോളിങ് ആരംഭിച്ച ഘട്ടത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് യന്ത്രം മാറ്റി 30 മിനിറ്റ് വൈകിയാണ് പുനരാരംഭിച്ചത്. ആറു മണിക്ക് ഗേറ്റ് അടച്ച ശേഷവും അന്‍പതിലധികം പേര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. പോളിങ് ഏഴിന് കഴിഞ്ഞു. വള്ളിവട്ടം ഗവ.യു.പി.സ്‌കൂളിലെ 22-ാം ബൂത്തില്‍ ആറിനു ശേഷം നൂറിലധികം പേര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. എവിടെയും സംഘര്‍ഷം ഉണ്ടായിട്ടില്ല.സ്ത്രീ സൗഹൃദ പോളിങ് ബൂത്ത് ഒരുക്കിയത് വനിത വോട്ടര്‍മാര്‍ക്ക് ആശ്വാസമായി.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി സ്‌കൂളിലെ 24-ാം നമ്പര്‍ പോളിങ് സ്റ്റേഷനാണ് സ്ത്രീ സൗഹൃദ ബൂത്ത് ആക്കിയത്. കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകള്‍ക്ക് മുലയൂട്ടുവാനുള്ള സൗകര്യവും പ്രായമായവര്‍ക്ക് വീല്‍ ചെയര്‍ സൗകര്യവും പ്രഥമ ശുശ്രൂഷക്ക് വേണ്ടിയുള്ള സൗകര്യവും ഇവിടെ പ്രത്യേകം ഒരുക്കിയിരുന്നു. പ്രിസൈഡിംഗ് ഓഫിസര്‍ എസ്.ഗീതയുടെ നേതൃത്വത്തില്‍ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം വനിതകളായിന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സഹായത്തിനായി മൂന്ന് ആശാ വര്‍ക്കര്‍മാരേയും നിയോഗിച്ചിരുന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക സ്ത്രീ സൗഹൃദ ബൂത്ത് ആയിരുന്നു കാരുമാത്ര സ്‌കൂളിലേത്.
അന്തിക്കാട്: കിഴുപ്പിള്ളിക്കര എസ്.എന്‍.എസ്.എ. എല്‍.പി സ്‌കൂളിലെ 110-ാം ബൂത്തില്‍ ഇരുനൂറോളം പേര്‍ വോട്ടിങ് സമയം കഴിഞ്ഞാണ് വോട്ട് ചെയ്തത്. പോളിങ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
രാവിലെ മുതല്‍ ഈ ബൂത്തില്‍ പോളിങ് മന്ദഗതിയിലായിരുന്നു. അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍ പഞ്ചായത്തുകളില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ ഏഴു മുതല്‍ നല്ല തിരക്കനുഭവപ്പെട്ടു.രണ്ടു മണിക്കൂറിലധികം വരിയില്‍ നിന്നാണ് പലരും വോട്ട് ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം തിരക്കിന് അല്‍പം ശമനമുണ്ടായി. വോട്ടിങ് മന്ദഗതിയിലായത് പലയിടത്തും വോട്ടര്‍മാരെ അസ്വസ്ഥരാക്കി.
താന്ന്യം സ്‌കൂളിലെ 99-ാം ബൂത്തില്‍ വോട്ടിങിന് കൂടുതല്‍ സമയമെടുത്തു. ഇവിടെ പോളിങ് സമയം കഴിഞ്ഞ് 30 പേര്‍ ക്യൂവിലുണ്ടായിരുന്നു. പെരിങ്ങോട്ടുകര ഹൈസ്‌കൂളില്‍ അല്‍പസമയം വോട്ടിങ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും ഉടനെ പരിഹരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും മിന്നലിലും വൈദ്യുതിബന്ധം താറുമാറായത് പലയിടത്തും ബുദ്ധിമുട്ട് സൃഷ്ടിച്ചു. അന്തിക്കാട് ഹൈസ്‌കൂളിലെ ഗ്രൗണ്ട് രാവിലെ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു.
പുതുക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതുക്കാട് നിയോജക മണ്ഡലത്തില്‍ 82.42 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് എല്ലായിടത്തും സമാധാനപരം ആയിരുന്നു. എന്നാല്‍ 186-ാം നമ്പര്‍ ബൂത്ത് പ്രവര്‍ത്തിക്കുന്ന നായാട്ടുകുണ്ട് ചൊക്കന എച്ച്.എം.എല്‍ സ്റ്റാഫ് ക്ലബ്ബില്‍ രാവിലെ 7.50 ഓട് കൂടി മാത്രമാണ് പോളിങ് തുടങ്ങിയത്.
വോട്ടിങ് യന്ത്രം തുടക്കത്തില്‍ തന്നെ പണിമുടക്കിയതാണ് കാരണം. വോട്ടിങ് എല്ലാ ബൂത്തിലും പതിയെ ആയിരുന്നു. അത് കൊണ്ട് തന്നെ എല്ലാ ബൂത്തിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട വരികളും ഉണ്ടായിരുന്നു. വോട്ടിങ് അവസാനിപ്പിക്കേണ്ട സമയമായ വൈകീട്ട് ആറു മണിക്കും പല ബൂത്തുകള്‍ക്കും മുന്നില്‍ ധാരാളം വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ കൊടുത്ത് വൈകിട്ടും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കി.
മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍പെട്ട പുത്തന്‍ചിറ, മാള ,അന്നമനട ,പൊയ്യ , കുഴൂര്‍ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
വേനല്‍മഴ കാരണം ചൂട് കുറഞ്ഞത് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് ആശ്വാസം പകര്‍ന്നു. അന്നമനട പഞ്ചായത്തിലെ പാലിശേരിയില്‍ 156 നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായത് വോട്ടിങ് തടസപ്പെടുത്തി.
അന്നമനട വാളൂര്‍ 145-ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ കാരണം 30 മിനിറ്റ് വൈകിയാണ് വോട്ടിങ് തുടങ്ങിയത്. അഷ്ടമിച്ചിറയില്‍ മാരേക്കാട് ബൂത്തില്‍ വൈദ്യുതിയില്ലാത്തത് വോട്ടിങിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റില്‍ മരം വീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞത് കാരണമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈകിട്ട് മൂന്ന് മണിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. മാള പള്ളിപ്പുറം അങ്കനവാടി 124-ാം ബൂത്തില്‍ അരണ്ട വെളിച്ചത്തില്‍ പ്രായമായവരും കഴ്ചക്കുറവുള്ളവരും വോട്ടുചെയ്യുവാന്‍ ഏറെ പ്രയാസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്ക് ശേഷവും വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 75.97 ശതമാനമാണ് വോട്ടിങ് നില .
കുന്നംകുളം: നിയോജകമണ്ഡലത്തിലെ 169 ബൂത്തുകളില്‍ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് സമാധാനപരമായി അവസാനിച്ചു. പഴഞ്ഞി. കരിക്കാട്, വടുതല എന്നിവടങ്ങളില്‍ മെഷീന്‍ തകരാറ് മൂലം വോട്ടെടുപ്പ് രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും സാങ്കേതിക വിദ്ഗ്ധരെത്തി തകരാറ് മാറ്റിയതോടെ പൂര്‍വസ്ഥിതിയിലായി.
മണ്ഡലത്തില്‍ 75.4 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം രേഖപെടുത്തിയതാായണ് ഒടുവില്‍ ലഭ്യമായ ഔദ്ധ്യോഗിക വിവരം. വൈകിട്ട് ആറിന് പോളിങ് അവസാനിക്കേണ്ട സമയമായിരുന്നെങ്കിലും ആറിന് ശേഷവും പത്തോളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ ക്യൂ അവസാനിച്ചിരുന്നില്ല.
മണലൂര്‍: കാലാവസ്ഥ വ്യതിയാനങ്ങളെ തെല്ലും കൂസാതെ വോട്ടിങ് സമയത്തിന് അര മണിക്കൂര്‍ മുന്‍പ് മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ നീണ്ട നിരയാണ് മണലൂര്‍ മണ്ഡലത്തിലെ 190 ബൂത്തുകളിലും കാണാനായത്.
സ്ത്രീ വോട്ടര്‍മാര്‍ ഏററവും കൂടുതലുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മണലൂര്‍ എന്നതും സ്ത്രീ സാന്നിധ്യം പ്രകടമാകാന്‍ കാരണമായി.
അപൂര്‍വം ചില പോളിങ് സ്റ്റേഷനുകളില്‍ ഉച്ചയോടെ മന്ദഗതിയിലായതൊഴിച്ചാല്‍ ഭൂരിപക്ഷം പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് അവസാനിക്കുന്ന ആറു മണിക്കു ശേഷവും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."