പുരോഹിതന്മാരുടെ ലൈംഗിക പീഡനം: ദൈവത്തോട് മാപ്പിരന്ന് മാര്‍പാപ്പ
ഡുബ്ലിന്‍: കത്തോലിക്കന്‍ പുരോഹിതന്മാരുടെ ബാല ലൈംഗിക പീഡന സംഭവങ്ങളില്‍ ദൈവത്തോട് മാപ്പിരന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലന്‍ഡില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണു ലൈംഗിക വിവാദത്തില്‍ മാര്‍പാപ്പ പ്രതികരിച്ചത്.
തലസ്ഥാനമായ ഡുബ്ലിനിലെ ഫൊനിക്‌സ് പാര്‍ക്കില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പൊതുയോഗത്തോടെയാണ് കത്തോലിക്കന്‍ ശക്തികേന്ദ്രമായിരുന്ന അയര്‍ലന്‍ഡിലേക്ക് മാര്‍പാപ്പ നടത്തിയ ചരിത്രം കുറിച്ച ദ്വിദിന സന്ദര്‍ശനം സമാപിച്ചത്. പരിപാടിയോടനുബന്ധിച്ചു നടന്ന 'സ്റ്റാന്‍ഡ് ഫോര്‍ ട്രൂത്ത് ' റാലിയില്‍ പീഡന ഇരകളും അവരുടെ കുടുംബങ്ങളും അടക്കം പതിനായിരങ്ങളാണ് അണിനിരന്നത്.
പുരോഹിതരുടെ പീഡനങ്ങളില്‍ ദൈവത്തോട് മാപ്പ് ചോദിച്ച മാര്‍പാപ്പ സത്യവും നീതിയും നടപ്പാക്കാനായി ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ക്രൂരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു മേലുള്ള നിഷ്‌ക്രിയത്വം ജനകീയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും ഇത് കത്തോലിക്കന്‍ സമുദായത്തിന് അപമാനവും വേദനയുമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വികാരങ്ങള്‍ താന്‍ ഉള്‍ക്കൊള്ളുന്നെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ മുതിര്‍ന്ന കര്‍ദിനാള്‍ ആയിരുന്ന തിയോഡര്‍ മക്കാറിക്ക് അടക്കമുള്ളവരുടെ പീഡന കേസുകളെ മാര്‍പാപ്പ ബോധപൂര്‍വം അവഗണിക്കുകയാണെന്ന വത്തിക്കാന്റെ മുന്‍ യു.എസ് അംബാസഡറുടെ ആരോപണങ്ങള്‍ക്കിടെയായിരുന്നു സന്ദര്‍ശനം. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ശനിയാഴ്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ മാര്‍പാപ്പയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."