നിര്‍ധന കുടുംബത്തിന് സ്വന്തം വീട്
എരുമപ്പെട്ടി: എരുമപ്പെട്ടി കുട്ടഞ്ചേരി ചെട്ടിത്തൊടി ഗോപാലനും ഭാര്യയ്ക്കും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സുപ്രഭാതം വാര്‍ത്തയാണ് ഈ നിരാലംബ കുടുംബത്തിന് തുണയായത്. വയോധികനും അംഗപരിമിതനമായ ഗോപാലനും ഭാര്യയും വര്‍ഷങ്ങളായി താമസിച്ചിരുന്നത് ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു. മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കുന്ന ഈ കൂരയില്‍ ഭയന്ന് വിറച്ചാണ് ഈ വയോധികര്‍ കഴിഞ്ഞിരുന്നത്. അടച്ചറപ്പുള്ള വീട് എന്നത് ഈ നിര്‍ധന കുടുംബത്തിന് സ്വപ്നം മാത്രമായിരുന്നു.
ഇവരുടെ ദുരിതജീവിതം സുപ്രഭാതവും പ്രാദേശിക ചാനലുകളുമാണ് സമൂഹത്തിന് മുന്നില്‍ എത്തിച്ചത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം വി.സി ബിനോജ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ നാലാം വാര്‍ഡിലെ ആദ്യത്തെ ഗുണഭോക്താവായി ഗോപാലനെ പരിഗണിച്ചു. തുടര്‍ന്ന് ലഭിച്ച നാല് ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വീടിന്റെ നിര്‍മാണം നടത്തിയത്. ബിനോജിന്റെ നേതൃത്വത്തില്‍ കുട്ടഞ്ചേരിയിലെ പഴയവന്‍ എന്ന മോഹനനാണ് 35 ദിവസം കൊണ്ട് മനോഹരമായ വീട് നിര്‍മിച്ച് നല്‍കിയത്. 10,000 രൂപയും മോഹനന്‍ ഈ കുടുംബത്തിന് നല്‍കി. ലളിതമായ ചടങ്ങില്‍ ബിനോജ്, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ ദാനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."