കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അബുലൈസ് പിടിയില്‍
തൃശൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി തൃശൂരില്‍ അറസ്റ്റിലായി. കേസിലെ മൂന്നാംപ്രതി കൊടുവള്ളി സ്വദേശി അബുലൈസ് ആണ് ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ പിടിയിലായത്. ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ തൃശൂരിലെ പ്രമുഖ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2013 ലാണ് കേസിനാസ്പദമായ സംഭവം. എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ദുബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വിമാനത്താവളങ്ങളിലിറങ്ങിയാല്‍ പൊലിസ് പിടികൂടുമെന്ന ഭയത്താല്‍ നേപ്പാളിലിറങ്ങി അവിടുന്ന് റോഡ് മാര്‍ഗം ഇന്ത്യയിലെത്തുകയായിരുന്നു പതിവ്.
ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി 39 കിലോ സ്വര്‍ണം കടത്തിയെന്ന കേസില്‍, അബുലൈസിന്റെ സംഘത്തിന്റെ തലവന്‍ കൊടുവള്ളി പടനിലം സ്വദേശി ടി.എം ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."