രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ കേരളം യു.ഡി.എഫിന് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല, വടകര പ്രവചനാതീതം
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സുചന. 12 മുതല്‍ 14 വരെ സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറും.
ആറു സീറ്റില്‍ ഇടതുമുന്നണി വിജയം ഉറപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തും പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തും എത്തും.
പാലക്കാട്, കാസര്‍കോട്, ആറ്റിങ്ങല്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഒന്‍പത് മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നതെന്നും ചിലപ്പോള്‍ മാറ്റം വരാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലം, എറണാകുളം, ചാലക്കുടി, തൃശൂര്‍, മാവേലിക്കര, ആലത്തൂര്‍, വടകര, കണ്ണൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ യു.ഡി.എഫ് തന്നെ ജയിച്ചു കയറും. വടകരയില്‍ ചിലപ്പോള്‍ ചുരുങ്ങിയ വോട്ടിന് എല്‍.ഡി.എഫ് ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത മത്സരം നടന്ന മണ്ഡലങ്ങള്‍ മാറിമറിയാമെങ്കിലും യു.ഡി.എഫിന് ആധിപത്യമുണ്ട്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയിലേയ്ക്കുള്ള സ്ത്രീ വോട്ടുകളുടെ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസിനായി എന്നും ഭൂരിപക്ഷ സമുദായത്തിലെ വോട്ട് ബി.ജെ.പിയും, യു.ഡി.എഫും പങ്കിട്ടെന്നും ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസില്‍ കേന്ദ്രീകരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവരെ എല്‍.ഡി.എഫില്‍ കേന്ദ്രീകരിച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിലേയ്ക്ക് ഒഴുകി.
കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കില്ല. എന്നാല്‍ അവസാന നിമിഷം വരെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരാം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 14 സീറ്റുവരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നായിരുന്നു വിവരം. യു.ഡി.എഫിന് നാല് സീറ്റും പ്രവചിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. പോളിങ് ശതമാനം കൂടിയത് യു.ഡി.എഫിന് മേല്‍ക്കൈ തെളിയിക്കുന്നതായാണ് കാണുന്നതെന്നും ശക്തമായ അടിയൊഴുക്കുണ്ടായാല്‍ ഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരാമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.
യു.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 14 സീറ്റുവരെ യു.ഡി.എഫ് നേടും. രണ്ടു സീറ്റില്‍ ബി.ജെ.പിയും നാല് സീറ്റില്‍ എല്‍.ഡി.എഫും വിജയിക്കാന്‍ സാധ്യതയെന്നുമാണ് ഐ.ബി റിപ്പോര്‍ട്ട്.
കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങള്‍ സി.പി.എമ്മിനു ലഭിക്കുമെന്നും ഐ.ബി റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."