HOME
DETAILS

കത്തിയതോ കത്തിച്ചതോ?

  
backup
August 27 2020 | 01:08 AM

secretariat-fire-881980-2020

ഇടത് മുന്നണി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച വി.ഡി സതീശന്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്. ഇതില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷാരോപണത്തെ ഒറ്റയടിക്ക് തള്ളിക്കളയാനാവില്ല. പ്രമേയം പരാജയപ്പെട്ടതിലുള്ള ജാള്യതയാണ് ഇത്തരമൊരാരോപണത്തിന്റെ പിന്നിലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ബാലിശമാണ്. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുള്ള വസ്തുതയാണ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഒരു ചര്‍ച്ച നടക്കട്ടെ എന്ന് മാത്രമായിരിക്കും പ്രതിപക്ഷം ഉദ്ദേശിച്ചിട്ടുണ്ടാവുക.


കത്തിപ്പടരാന്‍ തീ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം കഴിയാന്‍ കാത്തുനിന്നത് പോലെയുണ്ട് സംഭവങ്ങളുടെ പോക്ക്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു എന്‍.ഐ.എയും മറ്റു അന്വേഷണ ഏജന്‍സികളും ആവശ്യപ്പെട്ടുകൊണ്ടിരുന്ന നിര്‍ണായക രേഖകള്‍ ഉള്‍കൊള്ളുന്ന ഫയലുകള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് ബാധിച്ചിരുന്നതെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. കേരളവും കത്തുമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകളുള്ള പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടിച്ചതെന്ന് വരുമ്പോള്‍, സ്വിച്ച് ഓഫ് ചെയ്യാത്തതിനാല്‍ ചുമര്‍ഫാന്‍ ഉരുകിയൊലിച്ച് തീ പടര്‍ന്നതാണെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. അതാണിപ്പോള്‍ പ്രാഥമിക നിഗമനം. തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന സെക്രട്ടേറിയറ്റിലെ സര്‍ക്കുലര്‍ ദുരൂഹതയ്ക്ക് ബലം കൂട്ടുകയും ചെയ്യുന്നുണ്ട്. ഇനി അഥവാ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെങ്കില്‍ ഉടനടി തീ കെടുത്താനുള്ള ഉപകരണങ്ങളും ജീവനക്കാരും അവിടെ ഉണ്ടാകേണ്ടതായിരുന്നില്ലേ. അന്നേരം എവിടേക്കാണ് അവരും ഉപകരണങ്ങളും അപ്രത്യക്ഷമായത്. എന്നിട്ടും ഫയര്‍ഫോഴ്‌സ് ഓടിക്കിതച്ചെത്തേണ്ടി വന്നു തീയണയ്ക്കാന്‍ എന്നതില്‍ നിന്ന് തന്നെ ദുരൂഹതയുടെ പുകയുയരുന്നുണ്ട്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ പ്രധാന സെക്ഷനുകളായ 2 എ, 2 ബി പൊളിറ്റിക്കല്‍ 5 എന്നീ സെക്ഷനുകളെ തെരഞ്ഞുപിടിച്ച് തീ കത്തിപ്പടരണമെങ്കില്‍ അതില്‍ അസ്വാഭാവികതയില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും.


എന്‍.ഐ.എയും അന്വേഷണ ഏജന്‍സികളും ആവശ്യപ്പെട്ട ഫയലുകളെല്ലാം പ്രോട്ടോക്കോള്‍ ഓഫിസര്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാന ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ രേഖകള്‍ക്കായി ഈ സെക്ഷന്‍ റെയ്ഡ് ചെയ്യാന്‍ ഏത് സമയത്തും എന്‍.ഐ.എ എത്താമെന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരിക്കണം. വിദേശ കോണ്‍സുലേറ്റുകള്‍ക്ക് നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന രേഖകള്‍ ഈ ഓഫിസിലാണ് സൂക്ഷിച്ചിരുന്നത്. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി സ്വപ്ന സുരേഷിന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്. കോണ്‍സുലേറ്റില്‍ നടക്കുന്ന ആഘോഷങ്ങളിലെല്ലാം പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നും അവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വപ്ന നല്‍കാറുണ്ടായിരുന്നുവെന്നും തീപിടിത്തത്തോടുബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളാണ്.


നിര്‍ണായക ഫയലുകളെല്ലാം ഇ-ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന വാദവും കളവാണെന്ന് ഇന്നലെ തന്നെ ബോധ്യപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം കടലാസ് രേഖകളായി തന്നെയാണ് സൂക്ഷിക്കുന്നത്. ഏതൊരു സര്‍ക്കാര്‍ ഓഫിസിലും അതീവ പ്രാധാന്യമുള്ള ഫയലുകളെല്ലാം ഇ-ഫയലുകളാക്കണമെന്നാണ് നിയമം. ഇവിടെ അത് പാലിക്കപ്പെട്ടില്ല. നയതന്ത്ര ഇടപാടിനുള്ള അനുമതിപത്രം സ്വപ്ന സുരേഷിന് നല്‍കിയതിന്റെ രേഖകളെല്ലാം കത്തിനശിച്ചവയില്‍ പെടുന്നുണ്ടെന്നാണ് കരുതുന്നത്. ആ നിലക്ക് സുപ്രധാന രേഖകളെല്ലാം സുരക്ഷിതമാണെന്ന വാദം എങ്ങനെയാണ് അംഗീകരിക്കുക. സുപ്രധാന രേഖകള്‍ സൂക്ഷിച്ച റാക്കിന് ചുവടെയാണ് തീ പടര്‍ന്നതെന്ന കണ്ടെത്തല്‍ തന്നെയാണ് സര്‍ക്കാര്‍ വാദത്തെ നിരാകരിക്കുന്നത്. വി.ഐ.പികളെക്കുറിച്ചും വിദേശ യാത്രകളെക്കുറിച്ചുമുള്ള ഫയലുകളും കത്തിനശിച്ചവയില്‍ പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഫയലുകള്‍ കത്തിയാലും ഇ - ഫയലുകള്‍ ഉണ്ടാകുമെന്ന വാദവും അത്തരം ഫയല്‍ ഇല്ലെന്ന വിവരത്തോടെ പൊളിഞ്ഞു.
എന്‍.ഐ.എ ആവശ്യപ്പെട്ടതില്‍ ഒരു സെറ്റ് ഫയല്‍ മാത്രമാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൈമാറിയത്. അദ്ദേഹം എന്‍.ഐ.എ ഓഫിസില്‍ പോയി വന്നതിന്റെ തൊട്ടടുത്ത ദിവസം പ്രോട്ടോക്കോള്‍ ഓഫിസിന് തീപിടിക്കുകയും ചെയ്തു. എന്‍.ഐ.എ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ ഇനിയും കൈമാറാനുണ്ട്. അതിനിടയിലാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൊവിഡ് ബാധിതനാകുന്നതും ചികിത്സ തേടിപ്പോകുന്നതും സെക്ഷന്‍ ഓഫിസ് അടച്ചിടുന്നതും ഓഫിസിന് തീപിടിക്കുന്നതും. ഷോര്‍ട്ട് സര്‍ക്യൂട്ടിന് അവസരം നല്‍കാനായിരുന്നോ പ്രധാനപ്പെട്ട ഒരു സെക്ഷന്‍ അടച്ചിട്ടത്. ഒരു ദിവസത്തെ അണുവിമുക്ത ശുചീകരണ പ്രവര്‍ത്തനം നടത്തി അടുത്ത ദിവസം സെക്ഷന്‍ ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കാമായിരുന്നില്ലേ. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സ്വര്‍ണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഇനി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം ഫാന്‍ ഉരുകിയൊലിച്ചുണ്ടായതല്ല എന്ന് കരുതേണ്ടി വരും.


സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഇന്നലെ കത്തിപ്പടര്‍ന്ന പ്രതിപക്ഷ പ്രതിഷേധ പ്രക്ഷോഭങ്ങളെ അത് തെല്ലും അണച്ചില്ല. സംസ്ഥാനത്തുടനീളം കരിദിനം ആചരിക്കുകയുമുണ്ടായി. സെക്രട്ടേറിയറ്റില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കെതിരേ പൊലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സമരക്കാരെ ഉച്ചവരെ പിന്തിരിപ്പിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ഒളിക്കാനില്ലെങ്കില്‍ ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍, തെളിവുകളുടെ അടിസ്ഥാനത്തിലാണല്ലോ എന്‍.ഐ.എ അന്വേഷണവുമായി മുന്‍പോട്ട് പോകുന്നത്. ആ നിലയ്ക്ക് തീ കത്തിയതിന്റെ ദുരൂഹത അറിയാന്‍ പ്രോട്ടോക്കോള്‍ ഓഫിസ് എന്‍.ഐ.എ ഏറ്റെടുത്ത് സെക്ഷനിലെ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് കൂടായ്കയില്ല. അത്തരം ആവശ്യങ്ങള്‍ ഉയരുന്നുമുണ്ട്. സെക്ഷനിലെ നിര്‍ണായക ഫയലുകള്‍ കത്തിയതോ അതോ കത്തിച്ചതോ എന്ന യാഥാര്‍ഥ്യം അപ്പോള്‍ പുറത്തുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago