സമസ്ത പബ്ലിക് പരീക്ഷയില്‍ ജുബൈല്‍ ദാറുല്‍ ഫൗസ് മദ്രസക്ക് തിളക്കമാര്‍ന്ന വിജയം
ജുബൈല്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (എസ് കെ ഐ എം വി ബി) പബ്ലിക് പരീക്ഷയില്‍ ജുബൈല്‍ ദാറുല്‍ ഫൗസ് മദ്രസക്ക് മികച്ച വിജയം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നടന്ന പൊതുപരീക്ഷയില്‍ ഒന്നാം റാങ്കുകളടക്കം വിവിധ റാങ്കുകളും ഉള്‍പ്പെടെ നൂറ് ശതമാനം വിജയം നേടിയാണ് മദ്രസ ഉജ്ജ്വല വിജയം നേടിയത്.
സഊദി തലത്തില്‍ പത്താം ക്ലാസില്‍ ഒന്നാം റാങ്കും അഞ്ചാം ക്ലാസില്‍ ഒന്ന്, രണ്ടു റാങ്കുകളും മദ്രസ വിദ്യാര്‍ത്ഥികള്‍ നേടി. കൂടാതെ, അഞ്ചാം ക്ലാസില്‍ അഞ്ചു ഡിസ്റ്റിങ്ഷനും, മൂന്നു ഫസ്റ്റ് കഌസും, ഏഴാം ക്ലാസില്‍ ഒരു ഡിസ്റ്റിങ്ഷനുമുള്‍പ്പെടെ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. കിഴക്കന്‍ പ്രവിശ്യ റെയ്ഞ്ച് ആയ ശര്‍ഖിയ റെയ്ഞ്ചിന് കീഴില്‍ ഉള്‍പ്പെട്ട മദ്രസ റെയ്ഞ്ച് തലത്തിലും മികച്ച വിജയമാണ് നേടിയത്.
പത്താം ക്ലാസില്‍ സഊദി തലത്തില്‍ ആയിഷ ഫെബിന്‍ ആണ് റാങ്ക് ജേതാവായത്. അഞ്ചാം ക്ലാസില്‍ സഊദി തലത്തില്‍ മുഹമ്മദ് സിയാദ് ഒന്നാം റാങ്കും മെഹ്‌റ ഫാത്വിമ രണ്ടാം റാങ്കും നേടിയാണ് മദ്‌റസയുടെ അഭിമാനമായത്. സഊദി, റൈഞ്ച് തലങ്ങളില്‍ സ്ഥാനങ്ങള്‍ നേടിയ മൂവര്‍ക്കും പുറമെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്.
കോഴിക്കോട് കൊടുവള്ളി സ്വദേശിയും ഇന്‍ജീനിയ കമ്പനിയില്‍ ഓപറേറ്ററുമായ കരീം ഹാജിയുടെ മകളാണ് ആയിഷ ഫെബിന്‍. കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയും സാഫ്‌കോ കമ്പനിയില്‍ എഞ്ചിനീയറുമായ ആരിഫ് അബ്ദുല്‍ സലാമിന്റെ മകനാണ് അഞ്ചാം ക്ലാസില്‍ സഊദി തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സിയാദ്. സാബിക് അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്ന ശിഹാബ് കൊടുവള്ളിയുടെ മകളാണ് രണ്ടാം സ്ഥാനം നേടിയ ഫാത്വിമ മെഹ്‌റ.
വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതോടൊപ്പം മദ്‌റസക്കും നാടിനും അഭിമാനമായ ഇവര്‍ക്കും അധ്യാപകര്‍ക്കും സ്വീകരണവും അവാര്‍ഡുകളും നല്‍കുമെന്ന് മദ്രസ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ അബ്ബാസ് കണ്‍വീനര്‍ അബ്ദുസ്സലാം കൂടരഞ്ഞി സ്വദര്‍ മുഅല്ലിം ഇബ്‌റാഹീം ദാരിമി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."