പള്ളിക്കുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ആറുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
കണ്ണൂര്‍: തിരുവോണ ദിവസം പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു സമീപം പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ആറു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ നാലോടെയാണ് സംഭവം. അപകടത്തില്‍പ്പെട്ട ടാങ്കര്‍ലോറിയില്‍നിന്നു ഗ്യാസ് ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മംഗളൂരുവില്‍നിന്ന് താമരശ്ശേരിയിലേക്കു പോവുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുചക്രവാഹനത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഡിവൈഡറിലേക്കു കയറിയാണ് ടാങ്കര്‍ ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ പൊലിസില്‍ മൊഴി നല്‍കി. ഇതിനിടെ ഇതുവഴിവന്ന കാറിലിടിക്കുകയും ചെയ്തു. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി അപകട സ്ഥലത്തുനിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ പൊലിസും അഗ്നിശമന സേനയും ചേര്‍ന്നു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മറിഞ്ഞ ടാങ്കര്‍ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിക്കുകയും പിന്നീട് ഗ്യാസ് മറ്റൊരു ലോറിയിലേക്കുമാറ്റുകയും ചെയ്തു. മന്ത്രി ഇ.പി ജയരാജന്‍, മേയര്‍ ഇ.പി ലത, കലക്ടര്‍ മീര്‍ മുഹമ്മദ് അലിഎന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."