എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരീക്ഷാ കണ്‍ട്രോളറെ മണിക്കൂറുകളോളം ഉപരോധിച്ചു. നാല് മാസം മുന്‍പ് നടത്തിയ ബി.കോം മൂന്നാം സെമസ്റ്റര്‍ കോര്‍പറേറ്റ് അക്കൗണ്ടിങ് പരീക്ഷയ്ക്ക് 52 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നായിരുന്നു. ഇത് വൈകിയറിഞ്ഞ സര്‍വകലാശാല പുനഃപരീക്ഷ നടത്താനുള്ള തീരുമാനമെടുത്തു. പരീക്ഷാ സ്റ്റാന്‍ഡിങ് അടിയന്തരമായി യോഗം ചേര്‍ന്ന് പുനഃപരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം ആവശ്യപ്പെടുന്നത്. സമരത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നാലോടെ പരീക്ഷാ ഭവന് പ്രവേശന കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ച അന്‍പതോളം പ്രവര്‍ത്തകര്‍ കവാടത്തിലെ പൊലിസ് വലയം ഭേഭിച്ച് പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസിന് മുന്നിലെത്തി ഉപരോധം തുടങ്ങുകയായിരുന്നു.
ഏറെ കാത്തിരുന്നിട്ടും യാതൊരു പ്രതികരണവുമില്ലാതായതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ കണ്‍ട്രോളറുടെ റൂമിന്റെ അടച്ചിട്ട വാതില്‍ തള്ളിത്തുറന്ന് ചേംബറിനുള്ളിലേക്ക് ഇരച്ചു കയറുകയും ഇതിനിടെ റൂമിനുള്ളിലെ ടീപ്പോയിയുള്പ്പെടെ തല്ലിതകര്‍ത്ത് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ യൂനിയന്‍ ഭാരവാഹികളുമായി കൂടിയാലോചിച്ച് 29ന് ചേരുന്ന പരീക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് അടിയന്തിര തീരുമാനമെടുക്കാമെന്ന് നിലവിലെ പരീക്ഷാ കണ്ട്രോളര് വേലായുധന് കല്ലേപ്പുറത്ത് സമരക്കാര്‍ക്ക് രേഖാമൂലം നല്കിയ ഉറപ്പില്‍ വൈകിട്ട് ഏഴരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.ഉപരോധ സമരം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ സക്കീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വിപിന്‍രാജ്, കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി അനുജിത്ത്, യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്മാന് ഷാബിര്‍, വൈസ് ചെയര്മാന് പി. എസ് ഗോകുല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."