സി.പി.എം- ജോസ് പക്ഷ സഹകരണത്തിന് തുടക്കം; തദ്ദേശ സ്ഥാപനങ്ങളില്‍ അവിശ്വാസ നീക്കം സജീവം
കോട്ടയം: യു.ഡി.എഫില്‍ ഇടമില്ലെന്ന് ഉറപ്പിച്ചതോടെ സി.പി.എം പിന്തുണയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ഭരണസമിതികളെ അട്ടിമറിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി പക്ഷം. ജോസ് പക്ഷത്തിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയം ജില്ലയിലും മധ്യകേരളത്തിലെ മറ്റിടങ്ങളിലുമാണ് യു.ഡി.എഫ് ഭരണസമിതികളെ സി.പി.എമ്മുമായി ചേര്‍ന്ന് പുറത്താക്കാന്‍ ശ്രമം തുടങ്ങിയത്.
നിയമസഭയിലെ അവിശ്വാസപ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും മുന്നണി നിലപാടിനു വിരുദ്ധമായ സമീപനം സ്വീകരിച്ചതോടെ ജോസ് പക്ഷവുമായി ഇനിയൊരു ഒത്തുതീര്‍പ്പ് വേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളും. ഇതോടെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ സി.പി.എം സഹകരണമുറപ്പാക്കാന്‍ ജോസ് പക്ഷം യു.ഡി.എഫ് ഭരണസമിതികളെ അവിശ്വാസത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കമാരംഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി പ്രാദേശിക സഹകരണമുറപ്പാക്കിയാല്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാമെന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം.
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരേ സി.പി.എമ്മുമായി കൈകോര്‍ത്ത് ജോസ് പക്ഷം അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി. ഇതിനു പിന്നാലെ ജോസ് പക്ഷവുമായി സഹകരിച്ചാല്‍ നേട്ടമുണ്ടാക്കാനാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് സി.പി.എം ആരംഭിച്ചിട്ടുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയെങ്കിലും പരമാവധി യു.ഡി.എഫ് ഭരണസമിതികളെ ജോസ് പക്ഷ പിന്തുണയില്‍ പുറത്താക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
സി.പി.എം സഹായത്തോടെ ഇടതുമുന്നണി പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമം ജോസ് പക്ഷം ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ മുന്നണി പ്രവേശനം സി.പി.ഐ എതിര്‍ക്കില്ലെന്ന വിശ്വാസത്തിലാണ് ജോസ് പക്ഷം നീങ്ങുന്നത്. എന്നാല്‍ ചിലരുടെയെങ്കിലും സീറ്റുകള്‍ നഷ്ടമാവുന്നത് ജോസ് പക്ഷത്ത് കലഹത്തിനു വഴിയൊരുക്കും. ജോസ് പക്ഷത്ത് ഭിന്നതയുണ്ടാക്കി സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയുള്ള നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ യു.ഡി.എഫ് ശ്രമം നടത്തുന്നുമുണ്ട്. നേതാക്കളെത്തുന്നതിനോട് പി.ജെ ജോസഫിന് താല്‍പ്പര്യമില്ല. നേതാക്കളുടെ ബാഹുല്യം നിയമസഭാ സീറ്റുകളിലുള്‍പ്പെടെ കലഹത്തിനു കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് താഴേത്തട്ടിലുള്ള ജോസ് പക്ഷ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ജോസഫ് വിഭാഗം നീക്കം നടത്തുന്നുണ്ട്. സി.പി.എമ്മിനൊപ്പം ചേര്‍ന്നുള്ള ജോസ് പക്ഷ അട്ടിമറിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്. ജോസ് പക്ഷത്തുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."