സഭയിലെ മാരത്തണ്‍ മറുപടി; ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷത്തിന് വിമര്‍ശനം
തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവേ തന്റെ മുഖത്ത് നോക്കി 'കള്ളാ കള്ളാ' എന്ന് വിളിക്കലാണോ ശരിയായ മാര്‍ഗമെന്ന് ചോദിച്ചു പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്തൊക്കെയാണെന്ന് താന്‍ വിശദീകരിച്ചപ്പോള്‍ 'എന്തെല്ലാം തെറികളാണ്' പ്രതിപക്ഷം വിളിച്ചുപറഞ്ഞതെന്നും കൊവിഡ് അവലോകനയോഗ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഓരോ കാര്യവും ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ ന്യായമായവ അല്ലായിരുന്നുവെന്നും തെറികളാണ് അവര്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുക്കി പറയാനാണ് ഞാന്‍ ശ്രമിച്ചത്. പറയാനുള്ള പല കാര്യങ്ങളും വിട്ടിട്ടുണ്ട്. അപ്പോള്‍ സമയം നീണ്ടുപോകുന്നത് ശരിയല്ലല്ലോ, ഇത് അവസാനിപ്പിക്കേണ്ടതല്ലേ എന്ന് തുടങ്ങിയ 'സ്‌നേഹപൂര്‍വമുള്ള' അഭ്യര്‍ഥനകള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വരാന്‍ തുടങ്ങി. അപ്പോള്‍ ലൈഫ് മിഷന്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുമായി മറ്റ് കാര്യങ്ങളിലേക്ക് താന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ 'വേണമെന്നില്ല' എന്നാണു പ്രതിപക്ഷം പറഞ്ഞതെന്നും തുടര്‍ന്ന് താന്‍ അതേകുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നാം സംസ്‌കാരമുള്ള മനുഷ്യരാണെന്നാണ് പൊതുധാരണയെന്നും എന്നാല്‍ അവിശ്വാസ പ്രമേയത്തിന്റെ അന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എന്ത് സംസ്‌കാരമാണ് നാം കണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."