പത്തുമാസമായി ശമ്പളം ലഭിക്കാതെ ഇന്ത്യക്കാരടക്കം 60 ഓളം തൊഴിലാളികള്‍ ദുരിതത്തില്‍
ജിദ്ദ: പത്തുമാസമായി ശമ്പളവും ഇഖാമ പുതുക്കാതെയും ദുരിതത്തിലായ ഇന്ത്യക്കാരായ അമ്പതോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി പരാതി നല്‍കി. സഊദിയിലെ വിവിധ ടെലിഫോണ്‍, മൊബൈല്‍ സേവന ദാതാക്കളുടെ കേബിള്‍ ജോലികള്‍ സബ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികളാണ് ശമ്പള കുടിശ്ശിക നല്‍കി തങ്ങളെ നാട്ടിലയയ്ക്കുന്നതിന് പരാതിയുമായി എംബസിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നാഗര്‍കോവിലിലും ചെന്നൈയിലും കമ്പനിയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശമ്പള വിതരണത്തിനായി നല്‍കിയ ബാങ്ക് എ.ടി.എം. കാര്‍ഡ് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി തിരിച്ചുവാങ്ങിയിരുന്നു. തുടര്‍ന്ന് ശമ്പളം നിക്ഷേപിച്ച ശേഷം കമ്പനി മാനേജര്‍ തന്നെ എ.ടി.എം കാര്‍ഡ് വഴി അത് തിരിച്ചെടുക്കുമായിരുന്നു. തൊഴില്‍ മന്ത്രാലയത്തിലും മറ്റും തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്ന് കാണിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍, ശമ്പളം ബാങ്കില്‍ വന്നതായി തൊഴിലാളികളുടെ മൊബൈലുകളില്‍ സന്ദേശം എത്തുകയും ചെയ്തിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ ബാങ്ക് കാര്‍ഡുകള്‍ തിരിച്ചു നല്‍കിയതായും തൊഴിലാളികള്‍ അവകാശപ്പെട്ടു. തുടര്‍ന്ന് കമ്പനി ബാങ്കില്‍ ശമ്പളം നിക്ഷേപിച്ചിരുന്നില്ല.
അതേ സമയം കമ്പനിക്ക് ലഭിക്കുന്ന പണം ശമ്പളത്തിന് പോലും മാറ്റിവക്കാതെ കമ്പനി ഉടമ നാട്ടിലേക്ക് അക്കുകയാണെന്നും അവിടെ ആശുപത്രി കെട്ടിട സമുച്ചയം ഉണ്ടാക്കുകയാണെന്നുമാണ് തൊഴിലാളികളുടെ പരാതി.
നിലവില്‍ പത്തു മാസത്തിലധികമായി ശമ്പളം കിട്ടിയിട്ട്. അതിനാല്‍ തന്നെ സ്വന്തം ചെലവിനും നാട്ടിലെ കുടുംബത്തിന്റെ ചെലവിനും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയാണ്. സുമനസ്സുകളായ ആളുകള്‍ നല്‍കുന്ന സഹായമാണ് ഇപ്പോള്‍ ആകെയുള്ള ജീവിതമാര്‍ഗം. രോഗികളായ പലരെയും തൊട്ടടുത്ത താമസക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുന്നത്.
ഇന്ത്യക്കാരും പാകിസ്താനികളും നേപ്പാളികളുമാണ് കമ്പനയില്‍ ജോലി ചെയ്യുന്നത്. ഒന്നിച്ച് പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ എല്ലാവരെയും കമ്പനിയുടെ വിവിധ സൈറ്റുകളിലായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ശമ്പളം നല്‍കുന്നില്ലെങ്കിലും എല്ലാ ദിവസവും കനത്ത വെയിലത്ത് പോലും ജോലി ചെയ്യിപ്പിക്കുണ്ട്. അതേ സമയം കമ്പനിക്കെതിരെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ പരാതി നല്‍കിയാല്‍ കള്ളക്കേസ് നല്‍കി ജയിലിലടപ്പിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജോലി ആവശ്യാര്‍ഥം ഓടിക്കുന്ന വാഹനങ്ങള്‍ക്കൊന്നും കാലാവധിയുള്ള ഇന്‍ഷൂറന്‍സോ ഇല്ല. പല പ്രാവശ്യം ട്രാഫിക് വിഭാഗം പിടികൂടി പിഴ വിധിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.അതേ സമയം ഇവരുടെ അവസ്ഥ ദാരുണമാണെന്നും എല്ലാവരെയും നാട്ടിലയക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോവുമെന്നും റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ റാഫി പാങ്ങോട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."