ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുകൂടി എന്‍.ക്യു.എ.എസ് (നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാര്‍ക്കുനേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍ കരസ്ഥമാക്കി.
കാസര്‍കോട് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍.ക്യു.എ.എസ്. പുരസ്‌കാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.
ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.
ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതിനു മുന്‍പ് വരെ 98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചു. മൂന്ന് ആശുപത്രികള്‍ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികള്‍ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ജില്ലാതല നിരീക്ഷണത്തിലും സംസ്ഥാനതല നിരീക്ഷണത്തിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുനേടുന്ന ആശുപത്രികള്‍ക്കാണ് ദേശീയ തലത്തില്‍ എന്‍.ക്യു.എ.എസ് അംഗീകാരത്തിന് അപേക്ഷിക്കാന്‍ സാധിക്കുക.
ദേശീയതല നിരീക്ഷണങ്ങള്‍ക്ക് ശേഷം അംഗീകാരം ലഭിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനതല നിരീക്ഷണവും മൂന്നു വര്‍ഷത്തിലൊരിക്കല്‍ ദേശീയതല നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിയ്ക്കും ഇന്‍സന്റീവ് ലഭിക്കുന്നതാണ്. ഇത് ആ ആശുപത്രിയുടെ കൂടുതല്‍ വികസനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."